Pages

Tuesday, May 18, 2021

നീന-1

                 മൊബൈൽ ഫോൺ നിർത്താതെ ബെല്ലടിക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരമായി.അവിടെകിടന്നു അടിക്കട്ടെ.. വീക്കെൻഡ് ആണ്...നേരെത്തെ എഴുന്നേറ്റിട്ടു പ്രത്യകിച്ചു ഒരു പണിയുമില്ല. വാസുദേവൻ പതിമായക്കത്തിൽ ആരോടെന്നില്ലാതെ പിറുപിറുത്തു.ഭാര്യയും മോനും സമ്മർ വെക്കേഷന് നാട്ടിൽ പോയതിനാൽ അയാളുടെ പഴയ ദുശീലങ്ങളുടെ സുഖം അയാൾ വീണ്ടും ആസ്വദിക്കയാണ്.ഇന്നലെ പകുതിയിലേറെ കുടിച്ചു തീർത്ത ഒരു ഫുൾ ബോട്ടിൽ വിസ്കിയുടെ ശേഷിപ്പും  ഇനിയും മുറിവിട്ടുപോകാതെ തിങ്ങി നിറഞ്ഞു നിന്ന "നേവി കട്ട്‌" സിഗരിറ്റിന്റെ പുക ചൂരും ആ റൂമിൽ അപ്പോളും തളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു.തലയിണക്കു താനൊരു ഭാരമാകേണ്ട എന്നു വിചാരിച്ചിട്ടോ എന്തോ തന്റെ തലക്കുമുകളിലേക്കു തലയിണ എടുത്തു വച്ചുകൊണ്ടയാൾ വീണ്ടും ഉറക്കത്തിലേക്കു ഊളിയിടാൻ ശ്രമിച്ചു.പുറത്തു തിമിർത്തു പെയ്യുന്ന മഴയുടെ താളവും തണുപ്പും ഒരു താരാട്ടുപോലെ അയാളെ ആവരണം ചെയ്തു.അല്ലെങ്കിലും മഴ പണ്ടുമുതലേ അയാളുടെ ഏറ്റവും അടുത്ത സുഹൃത്താണ്.കൂടെ കരയാനും ചിരിക്കാനും മഴയോളം കൂടെ കൂട്ടാൻ പറ്റിയ ഒരു ചങ്ങാതി വേറെ ഇല്ല എന്നാണ് അയാളുടെ പക്ഷം.ആ രാത്രിമഴയുടെ നൂലുപിടിച്ചയാൾ ചെന്നെത്തിയത് അയാളുടെ പഴയ  കോളേജ് കാമ്പസ്സിലാണ്.
ഇടവപ്പാതി മഴ തിമിർത്തു പെയ്യുന്നു.മഴക്ക് താളം പിടിച്ചെട്ടെന്നോണം മുടിയഴിച്ചിട്ടാടി ഉലയുന്ന കമുകിൻ തലപ്പുകൾ.നശിച്ച  കാറ്റ് ..പിഞ്ഞിപഴകിയ കുട കാറ്റിനഭിമുഖമായി പിടിക്കാൻ പണിപ്പെട്ടുകൊണ്ടു വാസുദേവൻ പിറുപിറുത്തു.മഞ്ഞ നിറം തേച്ചു പിടിപ്പിച്ച കോൺക്രീറ്റ് തൂണുകളിൽ കറുത്ത അക്ഷരങ്ങളാൽ ആലേഖനം ചെയ്ത കോളേജിന്റെ നാമം മുഖമുയർത്തി വാസുദേവൻ വായിച്ചെടുത്തു. തന്നെപോലെ തന്നെ കോളേജിലേക്ക് അഡ്മിഷന്റെ അപ്ലിക്കേഷൻ കൊടുക്കാനവാം ചിലർ ഒറ്റയ്ക്കും കൂട്ടമായും മഴയെ വകഞ്ഞുമാറ്റി കോളേജിലേക്ക് നടക്കുന്നത് കാണാം.കുട ചൂടിയിട്ടുണ്ടെങ്കിലും പാതി നനഞ്ഞ ശരീരവും അതിലേറെ നനഞ്ഞ മനസ്സും പേറിയാണ് വാസുദേവൻ  ആ കാമ്പസ്സിലേക്കു കാലെടുത്തു വച്ചത്.ഉന്നതകുലജാതരായ തനിക്കു ചുറ്റുമുള്ളവരെ കാണുമ്പോൾ അവന്റെ തല തനിയെ താഴും.. കാലടികൾ മെല്ലെ പതറും.നിറത്തിന്റെ.. കുലത്തിന്റെ.. പാരമ്പര്യത്തിന്റെ.. അപകർഷതാ ഭാരം... ചെറുപ്പത്തിലേ അവൻ അങ്ങനെയാണ്.
കരിഞ്ഞുണങ്ങിയും കായ്ച്ചും നിൽക്കുന്ന കുറെയേറെ പാഴ്ച്ചെടികൾക്കു ശേഷം ഒരുകൂട്ടം മെയ്‌മാസച്ചെടികൾ വരിവരിയായി ഓഫീസിന്റെ കാവടത്തിനരികിലായി പൂത്തുലഞ്ഞു  നിൽക്കുന്നു.
അഡിമിഷന്റെ ആപ്ലിക്കേഷൻ ഫോം കൊടുക്കാൻ ക്യുവിൽ നിക്കുമ്പോഴാണ് അച്ഛന്റെ കൈയും പിടിച്ചു ആരെയും മയക്കുന്ന കൗതുകവുമായി ഒരു ചുരിദാറുകാരി അവന്റെ അടുത്തുവന്നത്.
"എക്സ് ക്യുസ്  മീ
ഒരു പേന തരാമോ?"
ആ സൗന്ദര്യധാമം അവന്റെ നേർക്ക് പ്രതീക്ഷയോടെ കൈനീട്ടി.
അവളുടെ തിളങ്ങുന്ന പൂച്ചകണ്ണുകൾക്കു മുൻപിൽ അവന്റെ തല താനെ താണു. അവൾക്കുള്ള മറുപടി അവന്റ തൊണ്ട കുഴിയിൽ ഉടക്കി നിന്നു.
വല്ലവിധേനയും കീശയിൽ നിന്നും പേനയെടുത്ത് അവൾക്കു കൊടുക്കുമ്പോൾ അവന്റെ കൈകൾ ചെറുതായൊന്നു വിറച്ചു.
"ഫോം പൂരിപ്പിക്കാനാ, കുറച്ച് കഴയുമ്പോൾ തരാട്ടോ"
കിളി മൊഴിയും പോലുള്ള അവളുട ശബ്ദത്തിനു ശരിയെന്നവൻ തലയാട്ടി.
അവൾ പോയതിനു ശേഷവും അവളുടെയോ അവൾചൂടിയ പുഷ്പത്തിന്റെയോ സൗരഭ്യം അവിടെ നിറഞ്ഞു നിന്നു...
അതവനെ പരിരംഭണം ചെയ്തു തഴുകികൊണ്ടിരുന്നു.
പക്ഷെ പിന്നീട്  അവിടെയെങ്ങും അവളെ കണ്ടില്ല... ഒരു പേന അങ്ങനെ പോയി അവൻ നിശ്വസിച്ചു.
ഒരു മാസം കടന്നുപോയി.
ഇന്നാണ് കോളേജിലെ ആദ്യ ദിനം.
ക്ലാസ് റൂം ശബ്ദ മുഖരിതമാണ്.
പുതിയ സൗഹൃദങ്ങളുടെ നീരുറവ പിറക്കുന്നതിന്റെ മുഹൂർത്തങ്ങൾ.
പരസ്പരം പരിചയപെടുന്ന പുതിയ മുഖങ്ങൾ.
പരിചയം പുതുക്കുന്ന പഴയ മുഖങ്ങൾ.
ഇതിനകം മുളപൊട്ടിയ പ്രണയത്തിന്റെ നനുത്ത സംഭാഷണങ്ങൾ.
ചിലരുടെ വെടിപറച്ചിലുകൾ..
സ്വയം പുകഴ്ത്തത്തലുകൾ.
ക്ലാസ്സിനെ ശാന്തമാക്കികൊണ്ടു  പ്രധാന അദ്ധ്യാപകൻ കടന്നു വന്നു.
സൈലന്റ്.. സൈലന്റ്
അയാൾ വലിയ ശബ്ദത്തിൽ ഒച്ചയുണ്ടാക്കികൊണ്ട് ആ ക്ലാസ് റൂം നിശബ്‍ദമാക്കി.
അദ്ദ്ദേഹം സ്വയം പരിചയപെടുത്തിയതിനു ശേഷം എല്ലാവരെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയാണ്.
"സെൽഫ് ഇൻട്രൊഡക്ഷൻ"ആണ്,
അതിനുശേഷം അദ്ധ്യാപകന്റെ വക ഒന്നുരണ്ടു ചോദ്യങ്ങൾ വേറെയും.
ചിലർ ആസ്വദിച്ചുകൊണ്ടാ കലാപരിപാടി തുടങ്ങിക്കഴിഞ്ഞു.മറ്റുചിലരുടെ മുഖം വിയർത്തു വിവർണമാകുന്നു.ചിലർ സംഭവ ബഹുലമായി തന്നെ അവരുടെ ഭൂതവും ഭാവിയും വരച്ചിടുന്നു ...
വാസുദേവന്റെ അടിവയറ്റിൽ നിന്നും ഒരു പുകച്ചിൽ തുടങ്ങി.തനിക്കുറപ്പില്ലാത്ത ഒരു നാളെയെക്കുറിച്ചു എന്ത് സംസാരിക്കാൻ.
തനിക്ക് എന്ത് ഭൂതം എന്ത് ഭാവി...
"വാസൂ ഇനി പഠിച്ചോതൊക്ക മതി.. അവനെ എന്റെ കൂടെ വർക്ക്‌ഷോപ്പിൽ പറഞ്ഞുവിടൂ വസൂന്റമ്മേ..ഞാനവനെ നല്ലൊരു മെക്കാനിക്കാക്കാം..." കഴിഞ്ഞ ദിവസംകൂടി അയൽക്കാരൻ ജോസേട്ടൻ അവന്റമ്മോയോട് പറയാറുള്ള പതിവു പല്ലവി അവന്റെ കാതുകളിൽ മുഴങ്ങി.
"മൈ നെയിം ഇസ് നീന .
ഐ അം ഫ്രം പാലക്കാട്‌ "
ആൻഡ്  മൈ അംബീഷൻ ഇസ് ബിക്കം ആൻ IPS ഓഫീസർ.
വാസുവിന്റെ ചിന്തകളെ ബോധ തലത്തിലേക്കുണർത്തികൊണ്ട്  ഒരു കിളികൊഞ്ചൽ ആ ക്ലാസ് റൂമിൽ പ്രതിധ്വനിച്ചു.
എല്ലാവരുടെയും കണ്ണുകൾ ആ കിളികൊഞ്ചലിലേക്കു പോയി.
അദ്ധ്യാപകൻ അവളെ അഭിനന്ദിക്കുന്നു.
വാസുദേവൻ തലതിരിച്ചവളെ നോക്കി.
ഇത് അവളല്ലേ!!!ആ പൂച്ച കണ്ണുകാരി!!!
തന്റെപേനയും കൊണ്ടന്നു മുങ്ങിയവൾ..
ശേഷം പലരുടെയും ചടങ്ങ് കഴിഞ്ഞു.
അടുത്തത് തന്റെ ഊഴമാണ്.. വാസുദേവൻ മെല്ലെ എഴുന്നേറ്റുനിന്നു..
പിന്നെ ഇടറിയതെങ്കിലും അവന്റെ ശബ്ദഗാംഭീര്യം ആ ക്ലാസ് റൂമിൽ നിറഞ്ഞു.
"മൈ നെയിം ഈസ്‌ വാസുദേവൻ"
"ഐ അം ഫ്രം കുറുക്കൻമൂല"
സ്ഥലപ്പേര് കേട്ടിട്ടാണോ അതോ തന്റെ കോലവും പേരും കേട്ടിട്ടാണോ എന്തോ എല്ലാവരും പൊട്ടിച്ചിരിച്ചു.
മാഷിന് പിന്നേം തമാശ...കുറുക്കൻമൂല!!!
"അതെവിടാ.. വാസു"  ചിരിച്ചുകൊണ്ട് അദ്ധ്യാപകൻ അവനോട് ചോദിച്ചു.
"സർ...നിയർ... ഇവിടെ അടുത്താ"അവൻ  തെല്ലൊരു  ഉന്മേഷത്തോടെ പറഞ്ഞു.
"ഓകേ..വാട്ട്‌ ഇസ് യുവർ അംബീഷൻ Mr.വാസു"
അദ്ദ്യാപകൻ വിടാനുള്ള ഭാവമില്ല.
അവനൊന്നു കുഴങ്ങി..
ആരാവാനാണ്  തന്റെ ആഗ്രഹം എന്നാണ് ചോദ്യം.എന്ത് ഉത്തരം കൊടുക്കും??
തനിക്കു ആര് ആവാൻ പറ്റും.
അദ്ധ്യാപകൻ ചോദ്യമവർത്തിച്ചു.
അവന്റെ മറുപടി കേൾക്കാൻ കാതുകൂർപ്പിച്ചതുപോലെ
ക്ലാസ്സ്‌റൂം നിശബ്‍ദമായി.
അവനിലെ പ്രാസംഗികൻ പതിയെ ഉണർന്നു..
"സാർ എനിക്ക് ആഗ്രഹങ്ങളല്ല.. സ്വപ്നങ്ങളാണ് കൂടുതൽ.
ചോർന്നൊലിക്കാത്ത ഒരു വീടാണ്, വിശക്കാത്ത ഒരു വയറാണ്, ആരെയും നോവിക്കാതെ ഒരു മനസ്സാണ് എന്റെ സ്വപ്നം"
അത്രയും പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു.ക്ലാസ്റൂമിലെ ചിലരെങ്കിലും അവന്റെ കണ്ണീരിൽ അലിഞ്ഞു ചേർന്നു.
പിന്നീടവർ വന്ന് അവനെ പരിചയപെട്ടു..
നീന വന്നവന്റെ കൈയ്യിൽ പിടിച്ചു,
ദേവാ ഓർമ്മയുണ്ടോ ഈ കള്ളിയെ... ഞാനന്ന് പേന തിരിച്ചുതരാൻ മനപ്പൂർവം മറന്നതല്ല കേട്ടോ.
അന്നത്തെ തിരക്കിനിടയിൽ തിരിച്ചുതരാൻ മറന്നുപോയതാ അവൾ തുടർന്നു.
അത് സാരമില്ല വാസുദേവൻ മന്ദഹസിച്ചു.അവളുടെ വെളുത്ത പല്ലുകളെക്കാൾ മനോഹരമായി ചിരിച്ചുകൊണ്ടവൾ പറഞ്ഞു.ചിരിക്കുമ്പോൾ അവളുടെ പൂച്ചകണ്ണുകൾ ചെറുതായ് ചെറുതായി അവിടെ രണ്ടു വരകൾ മാത്രമാകുന്നതവൻ ശ്രദ്ധിച്ചു.ചുവന്ന പനിനീർ പൂപോലെ തുടുത്തു വരുന്ന നാസിക തുമ്പ്.
അവനും കൂടെ ചിരിച്ചു.എല്ലാരും അവനെ "വാസു" എന്നാണ് ഇതിനകം വിളിച്ചു പോന്നത്.എന്നാലിവളിതാ തന്റെ പേരിനു പുതിയ മാനം ചേർത്തിരിക്കുന്നു... "ദേവൻ"
വാസുദേവനെ ആദ്യമായി "ദേവനിലേക്ക്" ലോപിപ്പിച്ചവൾ.അവളുടെ മുടിയിലെ മുല്ലപ്പൂവിന്റെ പരിമളം അവിടമാകമാനം നിറയുന്നത് അവനറിഞ്ഞു. അത് അവനെ പൊതിഞ്ഞു നിന്നു.
അവരുടെ ഇടയിലേക്ക് ഇടിച്ചു കേറി വന്ന് ഒരാൾ കൈ നീട്ടി.
"ഞാൻ വിപിൻ ദാസ് "
അവൻ സ്വയം പരിചയപ്പെടുത്തി.
എന്നിട്ടു വസൂനോട് .
അളിയാ.... നീ ആദ്യ ദിവസം തന്നെ തകർത്തു വാരിയല്ലോ...ആരെഴുതി പഠിപ്പിച്ചു ഇതെല്ലാം..
എന്തായാലും സംഗതി പൊളിച്ചു..
വാസുദേവൻ മറുപടിയായി ഒന്നു ചിരിച്ചു..

ഋതുക്കൾ  പലതു കടന്നു പോയി.
മെയ് മാസചെടികൾ പല പ്രാവശ്യം ആ കാമ്പസിൽ ശോഭപടർത്തി.
പലരുടെയും ക്യാമ്പസ് പ്രണയങ്ങൾ  വിടരുകയും കൊഴിയുകയും ചെയ്തു.
വിപ്ലവത്തിന്റെ പതാക തോളിലേറി വാസുദേവൻ പലകുറി  ആ കാമ്പസിന്റെ ഓരോ ഇടനാഴിയിലും കേറിയിറങ്ങി.
ഇതിനോടകം അവനാക്യാമ്പസിന്റെ നിറസാന്നിധ്യമായി മാറിക്കഴിഞ്ഞിരിന്നു.
ഇന്നവൻ കവിയാണ്...സഖാവാണ് പ്രഭാഷകനാണ്..
വിപിൻ ദാസ്, നീന ,വാസുദേവൻ ഇവർ വേർപിരിയാത്ത സുഹൃദ് ത്രയമാണ്...
അവന്റെ പ്രഭാഷണങ്ങൾ പലതവണ ആ ക്യാമ്പസ്സിൽ അലയടിച്ചു.
മാർച്ചിന്റെ മറ്റൊരു ദുഃഖം പോലെ  അന്നാ കാമ്പസിൽ അവരുടെ അവസാന വർഷ സെന്റോഫ് പാർട്ടി നടക്കുകയാണ് .
വാസുദേവന്റെ വാക് ചാരുതയിൽ സദസ്സ് കാതു കൂർപ്പിച്ചിരിക്കുകയാണ്.
"ഹാ ഏകാന്ത താരമേ
നീ അറിയുന്നുവോ
ഞാൻ നിന്നെ മറക്കുകയാണ് "
ശബ്‍ദാവലിയിലെ
നിന്റെ സ്വരത്തിനു നേരെ
ഞാൻ ചെവികൊട്ടുകയാണ്.
നിന്റെ നിറ നയനങ്ങൾക്കു നേരെ
ഞാൻ കണ്ണടക്കുകയാണ്.
നിന്റെ ഹൃദയ ബാഷ്പങ്ങൾ
എന്നെ ചുട്ടു പൊള്ളിക്കുന്നുവെങ്കിലും
നിന്റെ കൈകൾ എന്നെ പിൻവിളിക്കുന്നെങ്കിലും
നിന്റെ സാമിപ്യം എനിക്ക്
സ്വാന്തനമേകുമെങ്കിലും.
ഓമലേ മറക്കുകയാണ് നിന്നെ ഞാൻ.
ഒരു ചെങ്ങാതിയെന്നത്
ഒരിക്കലും കറ പിടിക്കാത്ത
ഒരു കൊച്ചു കണ്ണാടിച്ചില്ലു.
വരും കാലങ്ങളിൽ ആ കൊച്ചു കണ്ണാടി ചില്ലിൽ മാറാല പിടിപ്പിക്കാതെ നമ്മുടെ സൗഹൃദം പരസ്പരം നമുക്ക് കൈമാറാം.
വാസുദേവൻ..പറഞ്ഞവസാനിപ്പിച്ചു
നിറകണ്ണുകളും നിലക്കാത്ത കരഘോഷവും അവിടം ശബ്ദമുഖരിതമാക്കി.അവൻ മെല്ലെ ഫസ്റ്റ് ഇയറിൽ ക്ലാസ് റൂമിലേക്ക്‌ നടന്നു.
എത്ര എത്ര നനുത്ത ഓർമ്മകൾ. അവനാദ്യമായിരുന്ന തന്റെ ഇരിപ്പടത്തിലേക്കമർന്നു.
തല കുമ്പിട്ടു ഡെസ്കിൽ കിടന്നു.തുളുമ്പി വന്ന കണ്ണുനീർ  അവന്റെ കവിൾതടം കടന്നു ഡെസ്‌കിനെ നനച്ചുകൊണ്ടിരുന്നു.തന്നെ താനായി മാറ്റിയ കാമ്പസിൽ നിന്നു പടിയിറങ്ങുകയാണ്... ഭാവിയുടെ വിഹ്വലതയിലേക്കു നാളെമുതൽ താനും കാലെടുത്തു വക്കുകയാണ്.
പരിചിതമായ ഒരു സ്നേഹസ്പർശം അവന്റെ ചുമലിൽ പതിഞ്ഞു.
അവൻ കണ്ണുയർത്തി നോക്കി.
നീനയാണ്
അവളവന്റെ കരഞ്ഞു കലങ്ങിയ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി.
ദേവാ.. എന്തായിത്.
അവനവളുടെ കണ്ണുകളിലേക്ക് നോക്കി..
അവളുടെ പൂച്ച കണ്ണുകൾക്ക് പുറകിൽ ഒരു നൂറായിരം കടങ്കതകളുണ്ടെന്നവന്  തോന്നി.
ചുരുണ്ടു നീണ്ട അവളുടെ മുടിയിഴകളിലേക്കും ചുവന്നു തുടുത്ത ചുണ്ടുകളിലേക്കും കണ്ണിമ വെട്ടാതെ അവൻ  നോക്കിയിരുന്നു.
നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ?
അവൾ കാതരമായ മിഴികളോടെ അവനോട് ചോദിച്ചു.
എന്ത് പറയാൻ.. പെട്ടന്നവൻ അവളുടെ മുഖത്തുനിന്നും കണ്ണുപറിച്ചുകൊണ്ടെഴുന്നേറ്റു.
അവളവനെ വിടാൻ ഭാവമില്ലാത്തതുപോലെ അവന്റെ ഷർട്ടിൽ കടന്നു പിടിച്ചു.
നിനക്കില്ലെങ്കിലെന്താ.. എനിക്ക് നിന്നോട് പറയാനേറെയുണ്ട്.
അവളവനെ പിടിച്ചുലച്ചു.അവന്റെ ഷർട്ടിലെ  ബട്ടനുകളിൽ ഒന്നുരണ്ടെണ്ണം പൊട്ടി നിലത്തു വീണു.
ഒരു സ്വപ്‌നാടകയെപ്പോലെ അവളവനെ പിന്നോട് തള്ളി.
അവന്റെ ശരീരം വേച്ചു വേച്ചു ക്ലാസ്സ്‌ റൂമിന്റെ ഭിത്തിയിൽ ചാരിനിന്നു.നീന വീണ്ടും മുന്നോട്ടാഞ്ഞു..അവളവന്റെ കോളറിൽ പിടിച്ച്  അവന്റെ മുഖം ശക്തിയായി തന്നോടടുപ്പിച്ചു.അവളുടെ വാടിയ മുല്ലപ്പൂമാല ഊർന്നു താഴെ വീണു.അവളുടെ ശരീരം മുഴുവൻ വിറക്കുന്നതുപോലെ അവനു തോന്നി.അവളുടെ ചൂട്‌ നിശ്വാസം അവന്റെ മുഖത്തിനുമേൽ പതിക്കാൻ തുടങ്ങി.
അവളുടെ വിറയാർന്ന ചുണ്ടുകൾ അവന്റെ കവിളിൽ തട്ടും മുൻപേ പുറത്തുനിന്നും ആരുടെയോ വിളിയൊച്ച അവരുടെ കാതുകളിൽ പതിഞ്ഞു..
വാസൂ.. നീനേ ...

വിപിൻ ദാസിന്റെ ഒച്ചയാണ്...
വാസു നീനയെ തന്നിൽ നിന്നും തള്ളി മാറ്റി.
കതക്‌ തുറന്നു കൊണ്ട് വിപിൻ അകത്തേക്ക് വന്നു.കണ്ണീരാൽ കലങ്ങിയ അവരുടെ കണ്ണുകളും ആടിയുലഞ്ഞ വസൂന്റെ ഷർട്ടും കണ്ടെങ്കിലും സങ്കോചമൊന്നും കൂടാതെ വിപിൻ അവരോട് ചോദിച്ചു.
ഓ.. രണ്ടുപേരും കൂടി ഇവിടെ കരഞ്ഞു കളിക്കുവാണോ ..
അതെന്താടാ എന്നെ കൂട്ടാതെ.. അവൻ വിതുമ്പി കരഞ്ഞു.
അവർ മൂവരും കെട്ടിപിടിച്ചു.. അവരുടെ ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ വേർപാടിന്റെ ചൂട്‌ കണ്ണീരിന് ആ ക്ലാസ്സ്‌ റൂം മൂകസാക്ഷ്യം വഹിച്ചു.
നിദ്രയെ  അലോസരപ്പെടുത്തികൊണ്ടു ഫോൺ വീണ്ടും ഗർജിച്ചപ്പോൾ ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാത്ത അയാളുടെ കണ്ണുകൾ പാതിതുറന്നു,പിന്നെ  മൊബൈൽ തപ്പി തടഞ്ഞെടുത്തു.ഭാര്യയോ മോനോ നാട്ടിൽ നിന്നും വിളിക്കുന്നതാവും. അയാൾ മൊബൈലിന്റെ ഡിസ്പ്ലേയിലേക്ക്  തുറിച്ചു നോക്കി...അല്ല ഏതോ unknown നമ്പർ ആണ്.പതിവുപോലെ ഒരു ടെക്സ്റ്റ്‌ മെസ്സേജ് അയാളുടെ മൊബൈലിൽ നിന്നും അത്യാവിശക്കാരനിലേക്കു പറന്നു.
"I WILL CALL YOU LATER"
ഇന്നലെ രാത്രി കുടിച്ചു തീർത്ത മദ്യത്തിന്റെ മത്ത് ഇനിയും അയാളെ വിട്ടു പോയിട്ടില്ല. അതയാളെ വീണ്ടും ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് അതിവേഗം തള്ളിവിട്ടു.
വീണ്ടും അതേ കോളേജ് ക്യാമ്പസ്..
ഇന്ന് പക്ഷെ പാതയോരത്തെ ആ പഴയ ഉണങ്ങിയ പാഴ്ചെടികളുടെ സ്ഥാനത്തു മനോഹരമായി വെട്ടി നിർത്തിയിരിക്കുന്ന ബുഷ് ചെടികൾ.മെയ്മാസ ചെടികളുടെ സ്ഥാനത്തു കുറച്ച് ബോൺസായ് മരങ്ങൾ ഇടം പിടിച്ചിരിക്കുന്നു.
ഗെറ്റ്ടുഗെതർ പാർട്ടിയാണ്..
കോളേജിലെ തങ്ങളുടെ ആദ്യ ക്ലാസ് മുറി.
എല്ലാവരും വന്നിട്ടുണ്ട്. നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷമാണു ഈ ഒത്തുചേരൽ.
വിപിൻ ദാസ് ആണ് എല്ലാത്തിനും മുൻപന്തിയിലുള്ളത്.
കുടുംബസമേതമാണ് മിക്കവരും.
സ്കൂൾ വരാന്തയിൽ ഓടി കളിച്ചു നടക്കുന്ന കുട്ടികളുടെ കലപില.സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു കൊണ്ട് ആഘോഷം പൊടി പൊടിക്കയാണ്.
എല്ലാവരും വന്നു സൗഹൃദം പുതുക്കുന്നു.
വാസൂന്റെ അടുക്കൽ നീന വന്നിരുന്നു.
അവൾ മുൻപേതിലും സുന്ദരിയായിരിക്കുന്നതുപോലെ അവനു തോന്നി.ഷാമ്പു പടർത്തിയിട്ടിരിക്കുന്ന മുടിയിൽ വാടാത്ത മുല്ലപ്പൂ മാല.നന്നായി ഞൊറിയിട്ടുടുത്തിരിക്കുന്ന ഇളംനീല സ്റ്റിഫ്ലൺ സാരിയിൽ ജ്വലിച്ചു നിന്ന അവളുടെ മേനിയഴകു ആരെയും ഭ്രമിപ്പിക്കുന്നതായിരുന്നു.
അത്ഭുതത്തോടെ അയാളവളെ നോക്കി.
നിന്റെ ഹസ്സും കുട്ടികളും വന്നില്ലേ?
അയാളവളോട് ചോദിച്ചു.
"കൊണ്ടുവന്നില്ല... അവൾ ഒന്നു മന്ദഹസിച്ചു.. കൊണ്ടുവന്നാൽ
നിന്റെ അടുത്തിങ്ങനെ ഇരിക്കാൻ പറ്റ്വോ?? "
അവൾ പതിവുപോലെ അവളുടെ പൂച്ചകണ്ണുകൾ അടച്ചു ചിരിച്ചു കൊണ്ട് മറുപടി  പറഞ്ഞു.
ദേവാ..നീയെന്താ ഫാമിലിയെ കൂട്ടാത്തെ??
അവൾ അർത്ഥഗർഭമായി അയാൾക്ക്‌ നേരെ നോക്കി.
സമ്മർ വെക്കേഷൻ അല്ലേ വൈഫും മോനും നാട്ടിൽ വന്നിട്ടുണ്ട്.. അവളുടെ നാട്ടിൽ.. അത് പാലക്കാടാണ്.
ഞാൻ പിന്നെ എന്റെയോ അവളുടെയോ ബന്ധുക്കളുടെ അടുത്ത് അങ്ങനെ പോകാറില്ല... എന്തോ എനിക്കതു ഇഷ്ടമല്ല.. അയാൾ  മറുപടികൊടുത്തു.
ദേവാ .. എന്താ നിന്റെ മോന്റെ പേര്.
മറുപടി പറഞ്ഞുകൊണ്ടയാൾ മൊബൈൽ ഫോണിലെ ഫോട്ടോ കാട്ടി.. കിരൺദേവ്.
അവളാ ഫോട്ടോ അവളുടെ ഫോണിലേക്കു സെൻറ് ചെയ്യിപ്പിച്ചു.എന്നിട്ട് ആ ഫോട്ടോയിൽ നോക്കി കണ്ണിമയ്ക്കാതെ ഇരുന്നു. അവളുടെ കണ്ണീരടർന്നു ഫോണിന്റെ ഡിസ്പ്ലയിൽ ചിതറി വീണു.
നീനാ...എന്തായിത്.. ആരെങ്കിലും കാണും.
കാണട്ടെ.. എല്ലാരും കാണട്ടെ..
ഒരുവേള അവൾ സ്വയം മറന്നു.. പിന്നെ ചുംബനം കൊണ്ട് ഫോട്ടോയിലെ കവിളിൽ ചുവപ്പിച്ചു... കരഞ്ഞു കലങ്ങിയ അവളുടെ പൂച്ച കണ്ണുകൾ അയാളെ അസ്വസ്ഥനാക്കി..
അയാൾ കീശയിൽ നിന്നും നേവികട്ട്‌ സിഗരറ്റിന്റെ പാക്കറ്റ് തപ്പിയെടുത്തു.
ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു കൊണ്ടവളിൽനിന്നും ഒഴിഞ്ഞു മാറി.
പാട്ടും ബഹളങ്ങളും ഫോട്ടോ സെക്ഷനും.. എല്ലാം തകൃതിയായി നടക്കുന്നു.
സമയം സന്ധ്യ ആയി..
എല്ലാവരും ഗെറ്റ് ടുഗെതർ കഴിഞ്ഞു മടങ്ങി തുടങ്ങി.
വാസൂ .. ഇന്ന് രാത്രിയിൽ നമ്മൾ കുറച്ച് ആണുങ്ങൾക്ക് ഞാൻ ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്തട്ടുണ്ട് .നീ ഇന്ന് വേറെ എങ്ങോട്ടും പോകുന്നില്ലല്ലോ.നമ്മുക്ക് ഈ രാത്രി അടിച്ചു പൊളിക്കാം.... വിപിനാണ്.
ഞാൻ ശരിയെന്നു തലയാട്ടി.
താൻ നാട്ടിലേക്കു വന്നിട്ട് ചുരുങ്ങിയത് പത്തു പന്ത്രണ്ടു വർഷമെങ്കിലും ആയില്ലേ.. അവനാലോചിച്ചു.. അതേ അമ്മ മരിച്ചതിൽ പിന്നെ നാട് കണ്ടട്ടില്ല.. സത്യത്തിൽ അയാൾ എല്ലാവരിൽ നിന്നും ഒളിച്ചോടുകയായിരുന്നു.
നീനക്കും പോകാൻ നേരമായി.
അവളവന്റെ  മുൻപിൽ വന്നു നിന്നു.കൂറേ നേരം അവന്റെ കണ്ണുകളിലേക്ക് നോക്കി.. ഒന്നും പറഞ്ഞില്ല... അവളുടെ കണ്ണുകളിൽ ഒരായിരം സങ്കടസാഗരങ്ങൾ ഒന്നിച്ചു അലയടിക്കുന്നതായി അവനുതോന്നി. കണ്ണുകളിൽ ഉരുണ്ടുവന്ന ചൂട്‌ കണ്ണുനീർ അവൾ അവളുടെ മനോഹരമായ കർച്ചീഫു കൊണ്ട് ഒപ്പിയെടുത്തു.
ഞാൻ പോട്ടെ ദേവാ...
അവളയാളുടെ കണ്ണുകളിൽ നിന്നും കണ്ണുപറിക്കാതെ ചോദ്യശരമെറിഞ്ഞു.
എന്ത് മറുപടി പറയും?
കുറച്ചു കഴിഞ്ഞു പോകാം എന്ന് പറഞ്ഞാലോ
ഇന്നു പോകല്ലേ എന്ന് പറഞ്ഞാലോ...
എന്ത് പറയും???
ദേവാ.. നീ എന്തെങ്കിലും ഒന്നു പറ.. അവളുടെ ശബ്‌ദം നേർത്തു വന്നു..
അയാൾ ഒന്നും പറയാതെ ശരി എന്ന അർത്ഥത്തിൽ അവൾക്കു നേരെ തലയാട്ടി..
പിന്നെ ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു.
അവളയാളെ കുറച്ച് നേരം കൂടി നോക്കി നിന്നു.. പിന്നെ ഇരുൾ മങ്ങി തുടങ്ങിയ ക്യാമ്പസ്‌ വീഥിയിലേക്കിറങ്ങിനീങ്ങി..
സിഗരറ്റിന്റെ പുകച്ചുരുളുകൾ അവളുടെ കാഴ്ച്ച അയാളിൽ നിന്നു മറച്ചു.
അവളുടെ മുല്ലപ്പൂ പരിമളം അയാളിൽ നിന്നും മെല്ലെ മെല്ലെ നേർത്തില്ലാതെ ആകുന്നത് അയാൾ തിരിച്ചറിഞ്ഞു.എന്തെന്നില്ലാതെ അയാളുടെ ചുണ്ടുകളും കൈകളും ശക്തിയായി വിറച്ചു കൊണ്ടിരുന്നു.

"വിപിനേ നീ പറ എന്താ പ്ലാൻ... ഹോട്ടലിലേക്ക് കാറോടിച്ചു പോകുന്നതിനിടയിൽ വഴിയോര കാഴ്ചകളിൽ നിന്നു കണ്ണുപറിച്ചു കൊണ്ട് വാസുദേവൻ വിപിനിനോട് ചോദിച്ചു.
നിന്റെ കുറച്ച് പൈസ മുടിപ്പിച്ചട്ടെ ഞാനിവിടുന്നു നിന്നെ വിടുന്നുള്ളു.. അതാണെന്റെ മെയിൻ പ്ലാൻ.
പിന്നീട് അവൻ എല്ലാരോടുമായി പറഞ്ഞു....
"ഇന്നു നിങ്ങൾ ഏതു വിലകൂടിയ ബ്രാൻഡും ഓർഡർ ചെയ്തോ കാരണം ഇന്ന് നമ്മുടെ കൂടെ നമ്മുടെ  വാസു ഉണ്ട്...
മൂന്നു റൂമിലായി അവർ എട്ട് പേരാണുണ്ടായിരുന്നത്.
പിന്നീട് എല്ലാരും ഒരു റൂമിൽ ഒത്തുകൂടി.
കള്ളും കഥകളും കവിതകളും നിറഞ്ഞുനിന്ന രാത്രി.എല്ലാരും ആടിയും പാടിയും തിമിർക്കുകയാണ്.
പുറത്തു ഇടിവെട്ടി മഴപെയ്യുന്നു.
ഡാ നമ്മുക്ക് ടെറസ്സിൽ പോയാലോ?
വാസു വിനുവിനോടായി ചോദിച്ചു.
അരബോട്ടിൽ വിസ്കിയും രണ്ടു ഗ്ലാസുകളും കൈയിലേന്തി വിറയ്ക്കുന്ന കാലുകളോടെ അവർ മുകളിലേക്ക് നടന്നു.
ചന്നം പിന്നം പെയ്യുന്ന മഴച്ചാറൽ അവരുടെ അവശേഷിച്ച പാതി കാഴ്ചയും മറക്കുന്നുണ്ടായിരുന്നു.മദ്യം തലയ്ക്കു പിടിച്ച വാസു എന്തൊക്കയോ പുലമ്പി കൊണ്ടിരുന്നു. ഒരുവേള അവൻ വിപിനെ കെട്ടിപിടിച്ചു.
എനിക്ക് സന്തോഷമായെടാ ഇങ്ങനെ ഒരു ദിവസം നീ എനിക്ക് സമ്മാനിച്ചതിന്.
എന്റെ എല്ലാ സ്വപ്നങ്ങളും സത്യയിരിക്കുന്നു.
ഒന്നുമില്ലാതിരുന്ന ഞാനിപ്പോൾ എല്ലാം ഉള്ളവനായി...പണം.. പദവി.. എല്ലാം.
വാസുദേവൻ വിപിന്റെ തോളത്തു കിടന്നു വിങ്ങി പൊട്ടി
വിനൂ.. നിനക്കറിയ്യോ.. ഇതെല്ലാം ഉണ്ടായിട്ടും ഒരു സങ്കടം എന്നെ വല്ലാതെ തളർത്തുന്നു..
...വല്ലാതെ തളർത്തുന്നു..

No comments:

Post a Comment