Pages

Sunday, May 9, 2021

ചെരുപ്പ്

                കുഞ്ഞമ്മാവന്‌ കല്യാണമുണ്ട്.. "ഇങ്ങനെ അഴിഞ്ഞാടി വിടാൻ പറ്റില്ല കല്യാണം കഴിപ്പിക്കണം" എന്ന് വരുന്നവരോടും  പോകുന്നവരോടും വല്യമ്മ എപ്പോഴും പറയാറുണ്ട്. "കല്യാണം കഴിപ്പിച്ചാൽ മതി കുറച്ചുത്തരവാദിത്തം വരുമ്പോൾ അവൻ നന്നായിക്കോളും" കേൾക്കുന്നവർ മറുപടിയും പറയും.വല്യമ്മ എന്നാൽ എന്റെ അമ്മമ്മ ആണ്, എന്തോ ചെറുതിലേ തൊട്ട് അങ്ങനെയാണ് ഞാൻ അമ്മമ്മയെ വിളിച്ചു ശീലിച്ചത്.
ഒന്നുരണ്ടു കല്യാണം നടക്കുമെന്ന ഘട്ടത്തിൽ നിന്നും മുടങ്ങുകയും ചെയ്തു ; അവന്റെ ഈ കള്ളു കൂടീം ചീട്ടു കളീം തന്നെ കാരണം, ആരെങ്കിലും പെണ്ണിന്റെ വീട്ടിൽ പറഞ്ഞിട്ടുണ്ടാകും  വല്യമ്മ ആരോടെന്നില്ലാതെ പറഞ്ഞു. എന്തായാലും ഇത് നടക്കും, കാരണം കല്യാണത്തിന് രണ്ടുദിവസം കൂടിയേ ഉള്ളൂ ;ഞാൻ മനസ്സിൽ ഉറപ്പിച്ചു. കൂടാതെ കല്യാണപെണ്ണിനും ചെറുക്കാനുമുള്ള പുതിയ ഉടുപ്പുകൾ ഞാൻ കണ്ടതുമാണ്, നല്ല പളപളാ മിന്നുന്ന പുതിയ സാരികളും അമ്മാവന് കസവു മുണ്ടും ചന്ദന നിറമുള്ള ഉടുപ്പും എല്ലാം ഞാൻ കണ്ടതാണ്. ആ കറുത്ത പെട്ടി തുറക്കുമ്പോൾ വരുന്ന പുതിയ വസ്ത്രങ്ങളുടെ മണം എനിക്കന്നു അപ്രാപ്യമായിരുന്നു;എന്റെ ആദ്യ അനുഭവമായിരുന്നു. ഞാൻ ചെറുപ്പംതൊട്ടേ അക്കര വീട്ടിലാണ്, ഒരു കൊച്ചുവീട്, എങ്കിലും എന്റെവീടിനേക്കാൾ വലുതാണ്. രണ്ടു  മുറിയും അടുക്കളയും തിണ്ണയുമുണ്ട്.കുമ്മായവും കറുത്ത കരിഓയിലും തേച്ചു വല്യമ്മ നല്ല വിര്ത്തിഉള്ള വീട്. എന്റെ വീടിനാണെകിൽ ഒരുമുറിയും ഒരടുക്കളയും മാത്രമേ ഉള്ളൂ. കുമ്മായം തേച്ചട്ടില്ല, ചെമ്മണ്ണുകൊണ്ടാണ് ഭിത്തി തേച്ചരിക്കുന്നതു. അക്കര വീടാണ്  അമ്മയുടെ തറവാട്, ഒരു  ചെറിയ തോട് കടന്നു വേണം അവിടെ എത്താൻ.ചെറിയ തൊടാണെകിലും വലിയപേരാണ്.. നരസിപുഴ, ആ പേര് ഓർക്കുമ്പോൾ എനിക്കെന്തോ തമാശ തോന്നും. എന്തോ ആ പേര് ആ ചെറിയ തോടിനു ചേരാത്തത് പോലെ.  ഒരു ചെറിയ ഇല്ലിപ്പാലം ഉണ്ട് ഈ തോടിനു കുറുകെ കാൽനട യാത്രക്കാരും സ്കൂൾ കുട്ടികളുമാണ്  ആ പാലം ഉപയോഗിച്ച് കൊണ്ടിരുന്നത്. എന്നാൽ കള്ള കർക്കിടകം തിമിർത്തുപെയ്‌യുന്ന ചില നാളുകളിൽ ഇല്ലി പാലത്തെ കുത്തിയൊഴുകി വരുന്ന വരുത്തുവെള്ളം കൊണ്ടുപോകും.അന്നേരം കരക്ക്‌ അക്കരയും ഇക്കരയും വലിയ വടം കെട്ടി, അതിൽ പിടിച്ചുകൊണ്ടു വലിച്ചേട്ടന്മാർ സ്കൂൾ കുട്ടികളെ ചുമലിൽ വച്ച് അക്കര കടക്കാറുണ്ട്. തോടിന്റെ ഇരുകരയും കൈതയും ഇല്ലിയും കൊണ്ട് നിബിഡമാണ്. അക്കര വീട്ടിലേക്കു പുഴയിൽ നിന്ന് നോക്കിയാൽ  കാണാവുന്ന ദൂരമേ ഉള്ളൂ. പുഴ കരകവിഞ്ഞൊഴുകുന്ന സമയങ്ങളിൽ പുഴ വെള്ളം വീടിന്റെ മുറ്റം വരെ എത്താറുണ്ട്. അപ്പോൾ പുഴ കാണാൻ നല്ലരസമാണ്. കായൽപോലെ പരന്നുകിടക്കുന്ന പുഴ. ചൂണ്ടയിടൽകാരും വലവീശുന്നവരും അവർക്കു മുകളിൽ വട്ടമിട്ടു പറക്കുന്ന പരുന്തുകളും കൊറ്റികൂട്ടവും വെള്ളം ഇറങ്ങുന്നതും പൊങ്ങുന്നതും കാണാനെത്തുന്ന നാട്ടുകാരും, ഒച്ചപ്പാടും കൂക്കി വിളികളും കൊണ്ട് ബഹള മുഖരിതമാകുന്ന പുഴക്കര.  പുഴയുടെ അക്കെരെ ഉള്ള വീടു  ആയതു കൊണ്ടാണ് ഞങ്ങൾ  അമ്മ വീടിനെ  അക്കര വീട് എന്ന്  വിളിക്കുന്നത്. അമ്മാവൻ രാത്രിയിൽ എപ്പോഴെങ്കിലുമാകും വീട്ടിലെത്തുക, അപ്പോൾ വല്യമ്മക്ക് ആരെങ്കിലും കൂട്ടുവേണ്ടേ.. അങ്ങേനെയാണ് ഞാനും അമ്മവീട്ടിലെ  അംഗമായത്. ഞാനന്ന് മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. മണ്ണെണ്ണ വെളിച്ചത്തിലെ പഠിത്തം കഴിഞ്ഞു ഞാനും വല്ല്യമ്മയും  വഴിയിലേക്കു കണ്ണുനട്ട് അമ്മാവനെ കാത്തു ഉമ്മറത്ത് കുറെ നേരം ഇരിക്കും.വല്യമ്മ പഴയ കഥകൾ ഓരോന്നായി പറഞ്ഞുകൊണ്ടിരിക്കും കാടും മേടും തെളിച്ചു നടന്ന കഥ. തെരുവ മുറിച്ചു കാറ്റയാക്കി ചുമന്നതിന്റെയും തെരുവാ തൈലത്തിന്റെയും കഥ . ഇത് എന്നും പതിവുള്ളതാണ്;ഈ കഥ പറച്ചിലും വഴിയിലേക്ക് കണ്ണും നട്ടിരുപ്പും . ഒരു പ്രാവശ്യമെങ്കിലും അമ്മാവൻ വന്നിട്ട് അത്താഴം കഴിച്ച ഓർമ്മ എനിക്കില്ല ;എങ്കിലും എന്നും ആ കാത്തിരുപ്പുണ്ട് .
വയനാടൻ കാറ്റിന്റെ കുളിരു അതി ശക്തമായി ദേഹത്തിലേക്കു അരിച്ചിറങ്ങി അസഹനീയമാകുമ്പോൾ വല്യമ്മ പറയും "അവൻ വരുമ്പോൾ വരട്ടെ നമ്മക്ക് കഞ്ഞി കുടിച്ചിട്ട് കിടക്കാം കുഞ്ഞേ " എന്ന്.

                        അങ്ങനെ കല്യാണ തലേന്നായി നാട്ടുകാരും വീട്ടുകാരും എല്ലാം  എത്തിക്കൊണ്ടിരിക്കുന്നു
പുതിയ ഉടുപ്പുകളിട്ടു ആർത്തുല്ലസിച്ചു തിമിർക്കുകയാണ് കുട്ടികളെല്ലാം . ഞാനും അവരോടൊപ്പം കൂടി എങ്ങും ഒരുഉത്സവ പ്രതീതി.പെട്രോമാക്സിന്റെ വെളിച്ചവും വിഭവങ്ങൾ ഒരുക്കുന്നവരുടെ കൂട്ടവും ഒരുമൂലയിൽ ചീട്ടുകളിക്കാരുടെ സഭയും പെണ്ണുങ്ങളുടെ കുറ്റം പറച്ചിലുകളും കാർന്നോക്കന്മാരുടെ വെടിപറച്ചിലുകളും എല്ലാം കേട്ടുകൊണ്ട് ഞാൻ അമ്മാവന്റെ മുറിയിലെത്തി.  പെണ്ണിന്റെയും ചെക്കന്റേയും ഉടുപ്പുകൾ നോക്കുന്ന തിരക്കിലാണെല്ലാവരും.  അപ്പോൾ   എവിടെ നിന്നോ ഒരു സങ്കടം എനിക്ക് മുളപൊട്ടി.. ഞാൻ നാളെയും എന്റെ സ്കൂൾ യൂണിഫോം ഇട്ടു കല്യാണം കൂടണമല്ലോ !!!എനിക്ക് വേറെ നല്ല ഉടുപ്പുകളൊന്നു ഇരിപ്പില്ല താനും. ഞാൻ ഏതുവിധത്തിലോ എന്റെ സങ്കടം അമ്മച്ചിയെ അറിയിച്ചു. അമ്മച്ചിക്കും സങ്കടമായി "കുഞ്ഞേ ഇനിയെങ്ങനാടാ... സമയമിത്രയുമായില്ലേ, അതുതന്നേമല്ല അമ്മച്ചീന്റെടുത്തു ഇപ്പോൾ പൈസയൊന്നുമില്ലടാ "ഇതു  കേട്ട ചാച്ചിയും (വലിയ അമ്മാവന്റെ മകൾ )പറഞ്ഞു അല്ലെങ്കിലും ഈ വല്യമ്മ എന്ത്  പണിയാ ഈ കാണിച്ചത്, വേറെ ആർക്കും എടുത്തില്ലെകിലും കുഞ്ഞിന് ഒരു ഉടുപ്പെങ്കിലും എടുക്കാമായിരുന്നു "എന്റെ സങ്കടം നീർകുമിളകളായി പുറത്തേക്കു വന്നു. പിന്നെ അമ്മച്ചിയുടെ മടിയിൽ കിടന്നു അറിയാതെ  ഉറക്കത്തിലേക്കു വഴുതിവീണു.
ചുളിവ് വീണ എന്റെ യൂണിഫോമിന്റെ മുകളിൽ വാഴയില വെച്ചു ചിരട്ട തേപ്പ് പെട്ടികൊണ്ടു ഞാൻ ഞാൻ തേച്ചെടുക്കുകയാണ്.പോളിസ്റ്റർ തുണി തീപ്പെട്ടിയിലേക്കു  ഉരുകി പിടിക്കാതെ  ഇരിക്കാനാണു വാഴയില ഇട്ടു തേക്കുന്നത്. വാടിയ വാഴയിലയുടെ മണം മൂക്കിലേക്ക് അരിച്ചു കേറുന്നു. സമയം അധികമായി,  ഞാൻ തേക്കാൻ തുടങ്ങിയപ്പോൾ ആരൊക്കയോ വന്നു അവരുടെ ഉടുപ്പുകൾ തേക്കാൻ  തന്നതുകൊണ്ടാണ്..  ഒട്ടുമിക്കവരും കുളിചൊരുങ്ങിക്കഴിഞ്ഞു.. ഞാൻ ദൃതിയിൽ നിക്കർ വലിച്ചു കേറ്റുമ്പോൾ ഒരു പൊതിയുമായി അമ്മച്ചി. ഞാൻ ആർത്തിയോടെ അതു തുറന്നു നോക്കി.ഒരു ഉടുപ്പും കൂടെ ഒരു പാന്റും!!! ഞാൻ ഇതു വരെ പാന്റ്  ഇട്ടട്ടില്ല. ഇതാർക്കാണ് ഞാൻ ജിജ്ഞാസയോടെ അമ്മച്ചിയെനോക്കി, നിനക്കാടാ... "റെഡിമേടാ" അമ്മച്ചി പറഞ്ഞു.
അതുപോലൊരു ഉടുപ്പ് ഞാൻ സ്വപ്നത്തിൽ പോലും കണ്ടട്ടില്ല. ആ ഉടുപ്പിനു  കോട്ട് പോലെ രണ്ട് ചിറകുകളും . ഇളം പച്ചയും വെള്ളയും കലർന്ന സുന്ദരമായൊരുടുപ്പ്.
ഞാൻ ഇട്ട് നോക്കി !!!കിറുകൃത്യം!!! എനിക്കെന്തു ചെയ്യണമെന്നറിയില്ല, ഞാൻ എല്ലാവരുടെയും ഇടയിലൂടെ പാറിനടന്നു ;ഒരു രാജകുമാരനെ പോലെ. എല്ലാരും എന്നെ നോക്കുന്നു.. ചിലർ വന്നു പറന്നു: കുഞ്ഞിന്റെ ഉടുപ്പ് ജോറായിട്ടുണ്ടല്ലോ !!!പൂർണ ചന്ദ്രനുദിച്ച പോലെ  എന്റെ മുഖം വിടർന്നു നിന്നു.
കൂട്ടുകാരെല്ലാം എന്നോട് കൂട്ടം കൂടാൻ വന്നു. ചിലർ ഉടുപ്പ് തൊട്ടു നോക്കി, അടിപൊളിയാടാ എല്ലാരും  പറഞ്ഞു. എന്നാൽ എന്റെ മറ്റു ചില കൂട്ടുകാർ എന്റെ ഡ്രെസ്സിനെ കുറിച്ച് ഗഹനമായ പഠനം നടത്തി. എന്തോ ഒരു കുറവ് !!! ഓ കണ്ടുപിടിച്ചു "എടാ നിന്റെ ഉടുപ്പ് ജോറായിട്ടുണ്ട്, പക്ഷെ പാന്റ് ഇടുമ്പോൾ ചെരുപ്പ് ഇടണ്ടേ??? നിനക്കതില്ലലോ !!അവർ അടക്കി ചിരിച്ചു. എനിക്കു വീണ്ടും സങ്കടം വന്നു.ഞാനീ കണ്ടതെല്ലാം ഒരു സ്വപ്‌നം പോലെ അവസാനിക്കുമോ?? അവർ പറയുന്നതിൽ കാര്യമുണ്ടാകും, കാരണം  പാന്റും ചെരിപ്പും ഒക്കെ ഉള്ളവരാണ്.  ഇതെങ്ങനെ അമ്മച്ചിയോടു പറയും !!പാന്റ് ഊരിവച്ചു നിക്കർ എടുത്തിട്ടാലോ, ഞാൻ കുഴങ്ങി. അപ്പോഴാണ് ഷിജുകുട്ടൻ വരുന്നത്. എന്റെ പാലുവെളിച്ചം അമ്മയുടെ ഇളയ മോനാണ്.അതായതു  അമ്മച്ചീന്റെ ചേച്ചിയുടെ മകൻ.എന്നെക്കാളും മൂത്തതാണ്
പക്ഷെ എന്റെ കാളികൂട്ടുകാരനാണ്. മധ്യ വേനലവധിക്ക് എപ്പോഴും പാലുവെളിച്ചത്തു പോയി ആണ് ഞാൻ നിക്കാറു. എന്റെ ചേട്ടനാണെകിലും  ഞാനും അവനെ ഷിജു കുട്ടൻ എന്നാണ് വിളിക്കാറ്. ഞാനവനോട് എന്റെ സങ്കടം പറഞ്ഞു. അവൻ അവന്റെ വള്ളി  ചെരുപ്പൂരി എനിക്ക്‌ തന്നിട്ട് പറഞ്ഞു. നീ തത്ക്കാലം ഇതു ഇപ്പോൾ ഇട്ടോ. ഞാൻ എന്റെ മുമ്പിൽ ഒരു ദൈവ ദൂദനെ പോലെ അവതരിച്ച  അവനെ നോക്കി.അവൻ ഒരു മാലാഖയാണെന്നു എനിക്ക് തോന്നി. അവന്റെ ഇരുവശവും രണ്ട് ചിറകുകൾ മുളച്ചിറങ്ങുന്നതും അവനു ചുറ്റും ഒരു പ്രകാശം പറക്കുന്നതും njan കണ്ടു.
"അല്പം വലുതാണ്.. ഉപ്പൂറ്റിയുടെ അവിടെ ഓരോ ഓട്ടയുമുണ്ട്.. പക്ഷെ ഇട്ട് കഴിഞ്ഞാൽ ആരും കാണില്ല"  അവന്റെ വാക്കുകൾ എന്നെ വിഭ്രാന്തിയിൽ നിന്നെണീപ്പിച്ചു. ഞാൻ എന്റെ വിമര്ശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ടു അവരുടെ മുന്നിലൂടെ "എന്താ ഹേ"എന്ന മട്ടിൽ നടന്നു.
                   അങ്ങനെ കല്യാണം കഴിഞ്ഞു..
കുഞ്ഞമ്മായി വന്നു. എന്നെ വലിയ കാര്യമാണ്.. എല്ലാരും വിളിക്കണ പോലെ അമ്മായിയും എന്നെ കുഞ്ഞേ എന്നു വിളിച്ചുതുടങ്ങി.   ബുധനാഴ്ച വേണമെങ്കിൽ സ്കൂളിൽ കളർ ഡ്രെസ്സിടാം, ചെരിപ്പില്ലാത്തതിനാൽ എന്റെ പുതിയ കുപ്പായത്തിന്റെ രാജകീയ പ്രൗഢി എനിക്കിന്നേവരേ  എന്റെ കൂട്ടുകാരെ കാണിക്കാൻ പറ്റിയിട്ടില്ല, ഞാനതിൽ തികഞ്ഞ അക്ഷമനാണ്. ഇത്‌ അറിഞ്ഞിട്ടോ എന്തോ അമ്മച്ചി ഒരു ദിവസം ഒരു ജോടി കറുത്ത ചെരുപ്പുമായി അക്കരവീട്ടിൽ വന്നു. നല്ല പളുപളുത്ത ചെരുപ്പ് അതും പ്ലാസ്റ്റിക്കിന്റെ. ക്ലാസ്സിൽ അപൂർവം ചിലർക്കേ പ്ലാസ്റ്റിക് ചെരിപ്പുള്ളൂ.. അടുത്ത ബുധനാഴ്ചക്കായി ഞാൻ   കാത്തിരുന്നു.
ഇന്നാണ് തന്റെ മോഡി എല്ലാവരെയും കാണിക്കുന്ന ദിവസം. ഞാൻ അധി രാവിലെ എണീറ്റു പുഴയിപ്പോയി കുളിച്ചു, കറുത്ത ചെരുപ്പ് വീണ്ടും വീണ്ടും കഴുകി. കുറച്ചു എണ്ണ തലയിൽ നിന്നു വലിച്ചെടുത്തു ചെരുപ്പിലാകമാനം തേച്ചു. പുലർകാലത്തെ ഇളം വെയിലിൽ എന്റെ  ചെരുപ്പ് വെട്ടി തിളങ്ങി.ഞാൻ ഒരുരാജാവിന്റെ പ്രൗഢിയോടെ ക്ലാസ്സിലേക്ക് ചെന്ന്  കേറി. കൂട്ടുകാർ എന്റെ ചുറ്റും കൂട്ടം കൂടി.. ചിലർ ചോദിച്ചു "ടാ ഇന്ന്  നിന്റെ പിറന്നാളാ ".... ഞാൻ പറഞ്ഞു... അല്ലടാ ഇതു റെഡിമേടാ!!!
ഉച്ച കഴിഞ്ഞ നേരം സുധീഷാണ് ആ കണ്ടു പിടുത്തം നടത്തിയത് "ദേ എല്ലാരും നോക്കിയേ ഇവന്റേം ധന്യന്റേം ഒരേ  ചെരുപ്പാണ് !!!എല്ലാരും ഒത്തു കൂടി. ഭൂരിപക്ഷം ധാന്യക്കനുകൂലമായിരുന്നു. ഞാൻ ഇട്ടിരിക്കുന്നത് പെണ്ണുങ്ങളുടെ ചെരുപ്പാണെന്നു ഐകഗണ്ടേനെ തീരുമാനമായി. എല്ലാരും അടക്കം ചിരിച്ചു !!
ഞാൻ കരച്ചിലടക്കാൻ നന്നേ പാടുപെട്ടു. എങ്ങനെയും 4മണി ബെല്ലടിക്കാൻ ഞാൻ കാത്തിരുന്നു.. ഈ കൂട്ട പൊരിച്ചലിൽ നിന്നും ഒന്ന് ഓടി അകലാൻ. ഞാൻ വല്ലവിധേനയും  തിരിച്ചു വീട്ടിലെത്തി. ഞാൻ  ഒന്ന് ഉറപ്പിച്ചു.
ഇനീം ഈ  ചെരിപ്പ്‌ സ്കൂളിൽ കൊണ്ടുപോകാനാവില്ല.ഞാൻ കരഞ്ഞ കണ്ണുകളുമായി പുഴ കടന്നു എന്റെ വീട്ടിലേക്കു തിരിച്ചു. അഞ്ചുമണി കഴിഞ്ഞതേ ഉള്ളൂ. ഞാൻ വഴിയോരക്കണ്ണുമായി പാപ്പൂട്ടി കുന്നിലേക്കു കണ്ണും നട്ട് അമ്മച്ചിയെ കാത്തിരുന്നു.റോഡിനിരുവശവും മുഴുവൻ വെണ്ണക്കല്ലുകളുള്ള കുന്നാണ്‌ "പാപ്പുട്ടിക്കുന്നു". ടാറൊ കല്ലോ ഒന്നും വിതറാത്ത റോഡാണ്.
ഒരാൾക്ക് ചുമക്കാവുന്നതിലും ഏറെ  അധികമായി ഒരു വിറകു ചുമടുമായി പാപ്പുട്ടികുന്നിറങ്ങി വരുന്ന അമ്മച്ചി.
വിയർത്തൊലിച്ചു കരുവാളിച്ച തളർന്ന ഒരു രൂപം.  ചുമടിറക്കിയിട്ടും തലയിലിനിയും താങ്ങാനാവാത്ത കനവുമായി അമ്മച്ചി മുഖം
ഉയർത്തി എന്നെ നോക്കി.. കുഞ്ഞേപ്പ്ളാ വന്നത്, ഞാൻ പറഞ്ഞു വന്നതേയുള്ളു..
എന്താ പുസ്ഥകം എന്തെകിലും വാങ്ങാനുണ്ടോ,  അതോ സ്റ്റാമ്പിന്റെ പൈസ കൊടുക്കാനുണ്ടോ?? ഞാൻ പറഞ്ഞു "അമ്മച്ചീ അതൊന്നുമല്ല" ഞാനെന്റെ സങ്കടമാറിയിച്ചു.
വാ നമ്മുക്ക് മാറ്റിത്തരാൻപറ്റുമോന്നു കടയിൽപോയിനോക്കാം. പക്ഷെ കടക്കാരൻ അമ്പിനും വില്ലിനും അടുക്കുന്നില്ല, "ചേച്ചീ ഇതിപ്പം ഒരാഴ്ച്ച ഇട്ടില്ലേ ഇനിയിത് മാറ്റിത്തരാനാവില്ല" !! കൂടാതെ  എനിക്കൊരു ഉപദേശവും "എടാ നീ ചെറുതല്ലേ.. ഈ ചെരുപ്പ് ചെറിയ ആൺ കുട്ടികൾക്കുമിടാം". അയാളോട് തർക്കിച്ചിട്ടു കാര്യമില്ലാത്തതിനാൽ അമ്മച്ചി എന്നെയുകൂട്ടി തിരികെ വീട്ടിലേക്കു നടന്നു.
എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു "കുഞ്ഞിതു ഇട്, അമ്മച്ചി കുറച്ചു ദിവസം കഴിഞ്ഞു ഇതിലും നല്ലൊരണം വാങ്ങിത്തരുന്നുണ്ട് ".ഞാനീതിട്ടോളാം അമ്മേ എന്റെ സങ്കടം കാണിക്കാതെ ഞാനും പറഞ്ഞു. ഞാനും കൈസറും അക്കരക്കു തിരിച്ചുപോന്നു. ഞങ്ങളുടെ വളർത്തു നായയാണ് കൈസർ. ഞാനെവിടെ പോയാലും അവനുമുണ്ടാകും എന്റെയൊപ്പം. തിരിച്ചു പോരും വഴി ഒരുകാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു .ഏതായാലും  സ്കൂളിലേക്ക് ചെരുപ്പുമായി ചെല്ലാനാവില്ല.അത് ആത്‍മഹത്യപരമാണ്.വീട്ടിലിൽ നിന്നു ഇട്ടുകൊണ്ടുപോകുകയും വേണം അല്ലെങ്കിൽ കുഞ്ഞമ്മാവൻ അറിഞ്ഞാൽ നല്ല പെട കിട്ടും. ഒരുകാര്യം  ചെയ്യാം ചെരുപ്പ് പോകുന്നവഴിയിൽ എവിടെയെങ്കിലും ഒളിപ്പിച്ചുവക്കാം തിരികെ വരുമ്പോൾ ഇട്ടുവരുകയുമാകാം...ഞാനുറപ്പിച്ചു.   ഇത്  തേഞ്ഞു തീരുന്നത് വരെ സ്വന്തം ആത്മാഭിമാനം സംഭരക്ഷിക്കാൻ ഇതിലും നല്ലൊരു മാർഗം വേറൊന്നില്ല  അമ്മച്ചിക്കും സന്തോക്ഷമാകും ;ഞാൻ മനസ്സാൽ ചിരിച്ചു.
വീണ്ടും ഞാൻ നഗ്‌ന പാദനായി തന്നെ സ്കൂള് താണ്ടികൊണ്ടിരുന്നു . ആ ചെരുപ്പിനു അന്ത്യമാകുംവരെ... മറ്റൊരു മിന്നുന്ന ചെരുപ്പ്  സ്വപ്നം കണ്ടു കൊണ്ട്.
          *************ശുഭം *************
വാല് -ഇന്ന് എന്റെ കൊച്ചു കുടുംബത്തിന്റെ  ചെരുപ്പുകൾ ഒരു കബോർഡ് മുഴുവൻ നിറഞ്ഞിരിക്കുബോൾ... സീസണുകൾക്കും ഫാഷനുകൾക്കും അനുസരിച്ചു ഓരോ മെതിയടികളും മാറിമാറി ഇടുമ്പോൾ... നിറം മായും മുൻപേ വേസ്റ്റ് പത്രത്തിനന്നമാകുന്ന
മെതിയടികൾ കാണുമ്പോൾ; ഞാനോർക്കാറുണ്ട് ഉപ്പൂറ്റി തേഞ്ഞു തീർന്നു ഓട്ടവീണ ആ വള്ളി ചെരുപ്പിനെ, അതെനിക്ക് തന്ന ആത്മാഭിമാനത്തെ....

-രതീഷ് കോച്ചേരി

No comments:

Post a Comment