Pages

Saturday, May 15, 2021

തണൽ

വൃക്ഷ തണൽഒരു
വിത്ത് കിട്ടി;
നട്ട് നനച്ചു
വളമിട്ടു...
ഇളം തളിരില
നാമ്പിട്ടു...
ആനന്ദത്താൽ
ഞാനെന്റെ
വേർപ്പും കരുത്തും
പകർന്നു കൊടുത്തു...
കാറ്റും കോളും
വന്നു;
സ്വയം നനഞ്ഞാ
തപത്രമായി
കൈ വിടർത്തി
നിന്നു..
പിന്നീടാ ചെടി-
വൃക്ഷമായി
എനിക്ക്
തണലേകി നിന്നു...
അതിന്റെ
ഫലങ്ങൾ
ഞാനെന്റെ
സോദരങ്ങൾക്ക്
പകുത്തു നൽകി...
അമ്മയ്ക്കും
അശരണർക്കും
നൽകി...
ഉദരം അധികം നിറ-
ഞ്ഞധികമായൊരധമൻ,
എന്റെ മരത്തിലെ
അമ്മക്കിളിക്കൂടിന്റെ
കടക്കൽ
മഴുവെറിഞ്ഞപ്പോൾ
അമ്മക്കിളിയെന്നെ
വിട്ടുപ്പോയി..
എന്റെ നിലവിളിയുടെ
ഗദ്ഗദം തൊണ്ടയിൽ
നിന്നടരും മുൻപേ
എന്റേതെന്നു
ഞാനൂറ്റം കൊണ്ടവൻ
എന്റെ തായ് വേരറത്തു...
മദ്ധര തുള്ളിയ
അവന്റെ
നാവിലെ വാക്കുകൾ
ഹൃദയത്തിലെപ്പോഴും
ഒരു നെരിപ്പോടായി
ചുട്ടുപൊള്ളിക്കുന്നു...
ഹാബേലിനെ കൊന്ന
'കയീൻ' ആയി
അവതാരമെടുത്തവർ;
എന്റെ ചുറ്റും
നിന്നു മൃതി തണ്ഡവമാടുന്നു...
തണൽ ഏകാൻ
അമ്മക്കിളിയിന്നില്ല,
അമ്മക്കിളിയുടെ കിളിക്കൂടുമില്ല..
ഡമരു കണക്കേ
മിടിക്കുന്ന ഹൃദയത്തെ
കടിച്ചുല്ലസിക്കാൻ
തിടുക്കം കൂട്ടുന്നവർ...
തുടയെല്ലു
കൊണ്ടൊരു
മഴുവുണ്ടാക്കണം...
മഴുവെടുത്ത-
ധമൻമാരോട് പോരാടണം
മഴുവൊടിഞ്ഞു;
കൈ തളർന്നു..
അശക്തനാണിന്നു ഞാൻ..
ഹൃദയം മുറിച്ചു
മാറ്റാനാവുന്നില്ല...
സിരകളിൾ,
ധമനികൾ,
ചുടു ചോര
എല്ലാം
ഒന്നല്ലേയെന്നുൾവിളി
കേൾക്കുന്നു...
അശക്തനാണ് ഞാൻ
അധീരനാണ് ഞാൻ
മുറിച്ചു മാറ്റാൻ
പാടില്ലാത്തതെല്ലാം
മുറിച്ചു മാറ്റികൊണ്ട്
പിടിയിറങ്ങുന്നു ഞാൻ..
സ്വയം തപിച്ചു കൊണ്ട് -
പതിരില്ലാത്ത
പുതിയ വിത്ത് തേടി;
നനവ് വറ്റാത്തൊരു മണ്ണും;
മിഴികോണിൽ
ഒരു തുള്ളി കണ്ണീരും
ഒരിറ്റു സ്നേഹവും
ശേഷിച്ച മനസ്സുതേടി...
പടിയിറങ്ങുന്നു ഞാൻ..

       -രതീഷ്  കോച്ചേരി







No comments:

Post a Comment