Pages

Sunday, May 9, 2021

നന്ദൂന്റെ അമ്മ

                        കുട്ടികളെല്ലാവരും ഉച്ചപരീക്ഷ കഴിഞ്ഞു കല്ല് പാകിയ പാതയോരം വഴി വരികയാണ്.
"വേഗം വാ നന്ദൂട്ടാ"
നടത്തത്തിനു വേഗം കൂട്ടികൊണ്ടു വിനിമോൾ തിരക്ക് കൂട്ടി.ആ പൊട്ടന്റെ പറമ്പിലെ നെല്ലിമരച്ചോടു പരതനാണ് അവനോർത്തു.ചുറ്റും പൊടി പരത്തി കൊണ്ട് ഒരു ബസ് അവരെ കടന്നു പോയി.മാർച്ചിന്റെ ചൂടേറ്റു ചുട്ടു പഴുത്തു കിടക്കുന്ന പാത...പൊടിയിൽ കുളിച്ചു വെയിലിൽ തളർന്നു തല കുമ്പിട്ടു നിൽക്കുന്ന പാതയോര പാഴ്ചെടികൾ... വിഷുക്കാലം വരവായി എന്നറിയിച്ചു അവിടിവിടെയായി പൂത്തും പൂക്കാൻ കൊതിച്ചും നിൽക്കുന്ന കൊന്ന മരങ്ങൾ... എല്ലാം താണ്ടി അവർ പൊട്ടന്റെ പറമ്പരികിലെത്തി.
"പാത്തും പതുങ്ങിയും വേണം നെല്ലിമരച്ചോടു തപ്പാൻ, പൊട്ടനെങ്ങാനും കണ്ടാൽ നമ്മളെ വടിയെടുത്തു ഓടിക്കും"
അവൻ പറമ്പിലെ ചെമ്പരത്തി കൊണ്ടുള്ള  വേലി പടർപ്പിനിടയിലൂടെ നൂഴ്ന്നു കേറുന്നതിനിടയിൽ വിനിമോൾ ഓർമിപ്പിച്ചു.
സ്കൂൾ കുട്ടികളുടെ കൂട്ടപൊരിച്ചൽ കഴിഞ്ഞതിനാലാവാം നെല്ലിമരച്ചോടു ശൂന്യമായി കിടക്കുകയാണ്.
"ഇതിന്റെ ചുവട്ടിൽ ഒന്നും ഇല്ല വിനിമോളെ "
അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
"നീ ശരിക്കും നോക്ക്" അവളവനെ  നിർബന്ധിച്ചു.
അവസാനം അകലെയായി മാറികിടന്ന വാടിയ ഒരു ചെറിയ നെല്ലിക്ക അവനു കിട്ടി. അതുമായി വേലിക്കിടയിലൂടെ അവൻ ഊർന്നിറങ്ങുമ്പോൾ പിഞ്ചി പഴകിയ അവന്റെ നിക്കർ വീണ്ടും ക്ഷെയിച്ചു.
അവൾ ചോദിച്ചു "കിട്ടിയോ"?
ങ്ങാ.. ഒരെണ്ണം കിട്ടി, നിയെടുത്തോ അവൻ നെല്ലിക്ക അവൾക്കു നേരെ നീട്ടി.
അവളതു ആർത്തിയോടെ വാങ്ങി പകരം അവനൊരു പുളിമുട്ടായി കൊടുത്തു.അവനതു ബോക്സ്‌ തുറന്നു അതിനുള്ളിൽ വച്ചു.
"പുതിയ ബോക്സണല്ലോ നന്ദൂട്ടാ"കണ്ണ് മിഴിച്ചു കൊണ്ട് വിനിമോൾ പറഞ്ഞു.
"ങ്ങാ പുതിയതാ"അവൻ മറുപടിപറഞ്ഞു. വീടിനടുത്തുള്ള അശോകേട്ടന്റേതാണ് ആ  ബോക്സ്‌ എന്ന്‌ എന്തുകൊണ്ടോ അവൻ അവളോട്‌ പറഞ്ഞില്ല.അവൾക്കു പോകാനുള്ള ഇടവഴിയായി, ഇരുവശവും ശീമക്കൊന്നയാൽ വേർതിരിച്ച ഒരുചെറിയ കൊളള്..അത് വഴി കുറച്ചു ദൂരം അവൾക്കുള്ളിലേക്കു നടക്കണം.
"നാളെ കാണാം ട്ടൊ നന്ദൂട്ടാ,നീയാദ്യം പോകുകയാണെകിൽ ശീമക്കൊന്നയുടെ ഇലപൊട്ടിച്ചിടണേ"
അന്നത്തെ  ഇല എടുത്തു മാറ്റികൊണ്ടവൾ പറഞ്ഞു.
"ങ്ങാ" അവൻതലയാട്ടി.
ഒന്നാം ക്ലാസ്സുമുതൽ അവർ ഒന്നിച്ചാണ് സ്കൂളിൽപോകാറ്.ഇപ്പോൾ അഞ്ചാം ക്ലാസ്സിലായി.ഇതുവരെ ആ പതിവു അവർ തെറ്റിച്ചിട്ടില്ല.ഇനി ഒറ്റക്കാണ് വീട് വരെയുള്ള യാത്ര.
                 കല്ല് പാകിയ പാതയിൽ നിന്നും ചെമ്മൺ പാതയിലേക്കവന്റെ യാത്ര തിരിഞ്ഞു.അപ്പോൾ കടന്നുപോയ ഒരു കാളവണ്ടിയുടെ ചൂര് അവന്റെ മൂക്കിലേക്ക് ഇരച്ചു കയറി.പുഴ വരെ നല്ല ഇറക്കവും പിന്നെ കുത്തനെയുള്ള കയറ്റവുമാണ്.
അവൻ കുറച്ച് ദൂരം ഓടി നോക്കി.കാളവണ്ടി കാണുകയാണെങ്കിൽ അതിന്റെ പിന്നിൽ തൂങ്ങി നിന്ന് വീട് വരെ പോകാം അവൻ മനസ്സിലോർത്തു.പലപ്പോഴും അവനങ്ങനെ പോയിട്ടുണ്ട്. കച്ചിയോ നെല്ലിൻ ചാക്കോ കുത്തി നിറച്ച കാളവണ്ടിയിൽ മറ്റൊരാൾ കയറിയാൽ വണ്ടിക്കാരൻ അത് കാണുകയില്ല, നടുവൊടിഞ്ഞു ഭാരം വലിക്കുന്ന കാള വർധിത ഭാരത്താൽ  ഒരുവേള ശങ്കിച്ച് നിന്നാൽ കാളവണ്ടിക്കാരന്റെ ചാട്ടവാർ വലിയൊരു ശബ്‍ദത്തോടെ അവയുടെ മേലിൽ ആഞ്ഞാഞ്ഞു പതിക്കും.
"നട കാളേ...നട ..നടക്കാനല്ലേ പറഞ്ഞത്.. എബടെ"
പിന്നെ കാളവണ്ടിക്കാരൻ ആ മിണ്ടാപ്രാണികളെ പുലഭ്യം പറയും.
ഓരോന്ന് ചിന്തിച്ചുകൊണ്ടവൻ ഓടിത്തളർന്നു.
ഇല്ല, കാളയേയോ കാളക്കാരനെയോ കാണുന്നില്ല.കിതച്ചു കൊണ്ടവൻ ഓട്ടം നിറുത്തി.പിന്നെ ഏന്തി ഏന്തി നടന്നു.വിശപ്പും ദാഹവും കാരണം പതിവുപോലെ വഴിയരികിലെ കിണറ്റിൽ നിന്നും വെള്ളം കോരി കുടിക്കാനായി അവൻ തൊട്ടിയെടുത്തു കിണറ്റിലേക്കിട്ടു.കപ്പിയുടെ കാറുകാറാ ശബ്ദതോടൊപ്പം പാള തൊട്ടി വലിയൊരു ഒച്ചയോടെ വെള്ളത്തിൽ ചെന്നുപതിച്ചതിന്റെ മാറ്റൊലി അവന്റെ കാതിൽ പതിഞ്ഞു.അവൻ ഏന്തിവലിഞ്ഞു കിണറ്റിനുള്ളിലേക്കു നോക്കി.നല്ല ആഴമുള്ള കിണറാണ്,അതിനാൽ തന്നെ വെള്ളത്തിന് നല്ലരുചിയും തണുപ്പുമാണ്.
കിണറ്റിനടിയിൽ കറുപ്പും വെളുപ്പും നിറത്തിൽ വെള്ളം ഓളം വെട്ടുന്നു.പകുതി വലിച്ചു കയറ്റിയപ്പോഴേക്കും അവന്റെ കുഞ്ഞി കൈകൾ കഴക്കാൻ തുടങ്ങി. ഒരുവേള വലി നിർത്തി ഒരു നീണ്ടശ്വാസം ഉള്ളിലേക്ക് എടുത്ത് അവൻ വീണ്ടും വലി തുടർന്നു.ഇതിനിടെ വലിച്ചിടുന്ന ചകിരിക്കയറിൽ തട്ടി അവന്റെ ബോക്സ്‌ കിണറിലേക്ക് വീണു!!!
അവന്റെ നെഞ്ച് പിളർന്നൊരു വെള്ളിടിവെട്ടി.
ബോക്സും കൂടെ അതിലുണ്ടായിരുന്ന പേനയും പുളിമുട്ടായിയും എല്ലാമെല്ലാം അതാ കിണറിന്റെ ആഴങ്ങളിക്ക്..

ഈശ്വരാ..
അവൻ തലയിൽ കൈ വച്ച് നിലത്തിരുന്നു പോയി.ചുഴിയിൽ പെട്ട പരൽമീനിനെ പോലെ അവന്റെ ഹൃദയം പടാപടാന്നിടിച്ചു.
അശോകേട്ടനോട് എന്ത് പറയും.
കവർ പോലും അഴിക്കാത്ത പുതിയ ബോക്സാണ്.
"എടാ ഒരു പോറൽപോലും ഏൽപ്പിക്കാതെ തിരിച്ചു തരണം കേട്ടോ"
ബോക്സ്‌ തരാൻ നേരം തന്നോട് പ്രത്യേകം പറഞ്ഞതാണ്.
കൂടെ താൻ ആറ്റു നോറ്റു കൊണ്ടുനടന്ന റെയ്നോൾഡ്സിന്റെ "പേന".
പുളിമിഠായി പോയതിൽ അവനു സങ്കടമില്ലായിരുന്നു.
പക്ഷെ എത്രയോ നാളെത്തെ കാത്തിരിപ്പിനു ശേക്ഷമാണ് തനിക്ക് ആ പേന ലഭിച്ചത്..അവനോർത്തു...
നാളെ അവസാന പരീക്ഷയാണ്.
ശൊ.. പരീക്ഷ ആയതിനാൽ പേനയില്ലാതെ പോകാനും പറ്റില്ല.
എങ്ങനെയെങ്കിലും ബോക്സെടുക്കാൻ അവൻ ആവതു ശ്രമിച്ചു.
പല പ്രാവിശ്യം വെള്ളം കോരി നോക്കി. പക്ഷെ എവിടെ കിട്ടാൻ..
അവന്റെ കുഞ്ഞു കൈകൾ തളർന്നു തുടങ്ങി.ഗത്യന്തരമില്ലാതെ അവൻ അവിടെ നിന്നുമിറങ്ങി.
പുതിയൊരു ബോക്സ്‌ വാങ്ങാൻ കുറഞ്ഞത് പത്തു പന്ത്രണ്ടു രൂപയെങ്കിലും വേണ്ടി വരും!! അതെങ്ങനെ കിട്ടും?
വലിയൊരു ചോദ്യചിഹ്നം തലയിലേറി അവൻ വീട്ടിലേക്കു നടന്നു.
"ഈ വർഷം നന്ദൂട്ടന് ബോക്സിന്റെ ആവിശ്യം അത്രക്കൊന്നും ഇല്ലല്ലോ,അമ്മ അടുത്തവർഷം നല്ലതൊരണ്ണം വാങ്ങിത്തരാട്ടോ"
മത്തായി ചേട്ടന്റെ കടയിൽ നിന്നും പുതിയ ഒരു സ്കെയിൽ വാങ്ങി തരുന്നതിനിടെ അമ്മ പറഞ്ഞത് അവന്റെ കാതിൽ മുഴങ്ങി.
ശ്ശെ.. അശോകേട്ടന്റെ കൈയ്യിൽ നിന്നും ബോക്സ്‌ വാങ്ങേണ്ടായിരുന്നു..
അവൻ സ്വയം തപിച്ചു.
വഴിയിലെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി കൊണ്ടാണിപ്പോളവന്റെ  നടപ്പ്.
ചിലപ്പോൾ തന്റെ പ്രാർത്ഥന കെട്ടട്ടെങ്ങാനും ദൈവം ഒരു പത്തു രൂപ വഴിയിലെങ്ങാനും ഇട്ടാലോ!!!
പണ്ടൊരിക്കൽ ഒരു രൂപയുടെ നാണയത്തുട്ടു അവനു വഴിയിൽ കിടന്നു കിട്ടിയിട്ടുണ്ട്. അന്നവൻ വിനിമോൾക്കും കൂട്ടുകാർക്കും തോനെ തേൻ മുട്ടായി വാങ്ങി ഊട്ടിയിരുന്നു.  പക്ഷെ ഇന്ന് നിരാശയായിരുന്നു ഫലം. അമ്മയോടെങ്ങനെ പറയും?
"നന്ദൂട്ടാ അമ്മ എത്ര കഷ്ടപെട്ടിട്ടാണ് നിനക്കൊരോ കൂട്ടം വാങ്ങി തരുന്നത്.
ഈ വർഷം ഇതു എത്രാമത്തെ പേനയാണ്.
മത്തായിച്ചേട്ടന്റെ കടയിൽ എത്രയായി പറ്റ് എന്ന വല്ല വിചാരവുമുണ്ടോ നിനക്ക്"
പരീക്ഷാ തുടങ്ങാൻ നേരം പേന വാങ്ങിത്തന്ന് അമ്മ ആവർത്തിച്ച സ്ഥിരം പല്ലവി ഒരശരീരി പോലെ അവനുചുറ്റും അലയടിച്ചു;പിന്നെ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന ദൈനതയും.
ഇതാണോ അമ്മയുടെ സ്ഥായിയായ ഭാവം? അവൻ പലവട്ടം ചിന്തിച്ചട്ടുണ്ട്. അച്ഛനില്ലാത്ത അവനെ അത്രയും കഷ്ട്ട പെട്ടാണവർ വളർത്തുന്നത്.അമ്മയുടെ കഷ്ടപ്പാടും ദുരിതവുമെല്ലാം കുഞ്ഞാണെങ്കിലും തനിക്കുമറിയാം.പക്ഷെ താനെത്ര
സൂക്ഷിച്ചാലും പേനയും പെന്സിലുമെല്ലാം എവിടെയെങ്കിലും നഷ്ടപ്പെട്ട് പോകും... അവൻ നെടുവീർപ്പിട്ടു.
ഇനി ആരോട് പറയും.
അവൻ വീട്ടിലെത്തി എങ്ങനെയെങ്കിലും ഒരു ബോക്സും പേനയും വാങ്ങണം.
അമ്മയോട് പണം ചോദിയ്ക്കാൻ വയ്യ!!!ചോദിച്ചാലും അമ്മയുടെ കൈവശം ഉണ്ടാവില്ല.
എന്താണ് വഴിയെന്നോർത്ത് അവൻ തലപുകഞ്ഞു.ഒരെത്തും പിടിയും കിട്ടുന്നില്ല.
നാളെ മലയാളം പരീക്ഷയാണ്, പഠിക്കാനൊന്നുമില്ല,അവനെല്ലാം അറിയുന്നതാണ്.
അപ്പോഴാണ് മൂപ്പൻ കുട്ടൻ അത് വഴി പോകുന്നത്.
"കുട്ടാ കോട്ടി (ഗോലി) വേണോ"അവൻ വിളിച്ചു ചോദിച്ചു.
അവന്റെ കയ്യിൽ ഒരു ചെറിയ തകര ടിന്നുണ്ട്.അതിൽ നിറയെ കോട്ടികളാണ്.
ഇന്ന് രാവിലെയും കൂടിഎണ്ണി തിട്ടപ്പെടുത്തിയതാണ്...
ഇരുന്നൂറു കൊട്ടികളോളം വരും.
അടുത്ത വീടുകളിലെ പിള്ളേരോട് കളിച്ചു വാങ്ങുന്നതാണ്.
ചിലപ്പോളവൻ കടയിലെ പകുതി വിലക്കു അത് വിൽക്കാറുണ്ട്.
"ങ്ങാ..വാങ്ങാം, പക്ഷെ കളിയ്ക്കാൻ കൂടണം"
അടുത്ത മരത്തിലെ ഒരു കിളിക്കു തെന്നാലികൊണ്ടു ഉന്നം പിടിക്കുന്നതിനിടയിൽ കുട്ടൻ പറഞ്ഞു.
"ശരി സമ്മതിച്ചു"
ഇരുപത് കോട്ടി അമ്പതു പൈസക്ക് കുട്ടൻ വാങ്ങി.കടയിലാണെങ്കിൽ ഒരുരൂപ കുട്ടൻ മറുപടിപറഞ്ഞു.
എന്തോ നന്ദൂന് അതത്ര ഇഷ്ട്ടായില്ല,  എങ്കിലും അവർ കളിതുടങ്ങി.
സമയം പോയിക്കൊണ്ടിരുന്നു.
"ഇന്നു നന്ദുവിന്റെ ഉന്നം തീരെ ശരിയാകുന്നില്ലല്ലോ"
കുട്ടൻ ഉത്സാഹഭരിതനായി.
കഴിഞ്ഞ ആഴ്ച കാലി പോക്കറ്റുമായി വിഷണ്ണ വിധേയനായിട്ടായിരുന്നു കുട്ടന്റെ മടക്കം.പക്ഷേ ഇന്നവൻ തകർത്തു
വരുകയാണ്.അവസാനം പതിനാറു കോട്ടി നഷ്ട്ടപ്പെടുത്തി നന്ദു കളി അവസാനിപ്പിച്ചു.
വീണ്ടുമവന്റെ ചിന്തകൾ ബോക്സിലേക്കും പേനയിലേക്കുംതിരിഞ്ഞു.
കുറച്ചു  കഴിയുമ്പോഴേക്കും അമ്മ വരും.
അതിനുള്ളിൽ എന്തെങ്കിലും ചെയ്യണം.
അവൻ റോഡിലേക്കിറങ്ങി. 
          ശേഖരേട്ടൻ അപ്പോഴും അവരുടെ കയ്യാലപ്പുറത്തു ഇരിപ്പുണ്ട്.അവൻ കാണുമ്പോഴൊക്കെ അയാൾ അവിടെയാണ് ഇരിക്കാറ്.അയാളുടെ ഒരു വശം തളർന്നതാണ്.അയാൾക്ക്‌ നാല്പത്തിന്
മേൽ പ്രായം കാണണം.അയാളുടെ കല്യാണം പണ്ടെങ്ങോ കഴിഞ്ഞതാണ് പക്ഷെ ഭാര്യ ഉപേക്ഷിച്ചു മറ്റാരുടെ കൂടെയോ പോയി. പ്രായത്തെ പറഞ്ഞറിയിക്കാൻ എന്നവണ്ണം അയാളുടെ താടി മീശയിലെ ചില രോമങ്ങൾ നരച്ചിരിക്കുന്നു.ഒരു പണിയും എടുക്കാതെ കാലുപോയ സഹതാപം വിറ്റാനാണ് അയാൾ ജീവിച്ചു പോന്നത്.ആൾക്കാരുടെ മുൻപിൽ അരക്കാലുമായി പണി എടുത്തു നടക്കാൻ അയാൾക്ക്‌ നാണമാണ് പോലും!!
വഴിയേ പോകുന്ന എല്ലാരോടും അയാൾ പൈസ ഇരക്കുന്നത് കാണാം!!!
"ടൊ.. ഒരു രണ്ടു രൂപ തന്നിട്ട് പോടോ"
"ടൊ രണ്ടു ബീഡി തന്നിട്ട് പോടാ"എന്നിങ്ങനെ
അവനയാളുടെ അടുത്തേക്ക് ചെന്നു.
"എടോ എന്താ പരിപാടി നിന്റെ പരൂക്ഷ കഴിഞ്ഞോ"?
ഇല്ലന്നവൻ  തലയാട്ടി.
പഠിക്കാനില്ലെങ്കിൽ കുറച്ചു നേരം നിര കളിച്ചാലോ.അയാൾക്കരികെ വരച്ചു വച്ചിരുന്ന നിരപലകയും കല്ലുകളും എടുത്തു കൊണ്ടായാൾ പ്രത്യാശയോടെ അവനെ  നോക്കി.
അവൻ ഒഴുവു സമയങ്ങളിൽ അയാളോടൊപ്പം നിരകളിക്കാറുണ്ട്. ആരോടെങ്കിലും മിണ്ടാനും പറയാനുമാണ് പകലന്തിയോളം അയാൾ വഴിക്കരുകിലുള്ള  അവരുടെ കയ്യാലമേൽ ഇരിക്കുന്നത്.
അവൻ ഇല്ലന്ന് പറഞ്ഞപ്പോൾ അയാളുടെമുഖത്തു തെളിഞ്ഞ പ്രകാശം തെല്ലൊന്നു കുറഞ്ഞു.ചുവന്നുരുണ്ട അയാളുടെ കണ്ണുകൾ ഒന്നും കൂടി ചുവന്നു.
എങ്ങനെ കുറച്ചു പൈസ ഉണ്ടാക്കാം എന്ന അഗാധ ചിന്തയിലായതുകൊണ്ടു അവനയാളുടെ നിരാശ അത്ര കാര്യമാക്കിയില്ല.
"നിന്റെകയ്യിൽ പൈസയുണ്ടോ എങ്കിൽ നമ്മുക്ക് തലയും വാലും കളിക്കാം"
അവന്റെ മനസ്സ് വായിച്ചതു പോലെ ഒരു രണ്ടു രൂപ തള്ളവിരലുകൊണ്ടു മുകളിലേക്ക് ചുഴറ്റി അടിച്ചുകൊണ്ടായാൾ ചോദിച്ചു.
ഈ കളി അയാൾ മറ്റുപലരുമായി കളിക്കുന്നത് അവൻ കണ്ടിട്ടുണ്ട്. അതുകൊണ്ടു കളിയവന്  നിശ്ചയമാണ്.
പക്ഷെ ആരെങ്കിലും കണ്ടാൽ വഴക്ക് പറയും,ചിലപ്പോൾ അമ്മയോട് പറഞ്ഞു കൊടുക്കാനും മതി.
ഇച്ചേച്ചി എങ്ങാനും പുറത്തുണ്ടാകുമോ? അവൻ തെക്കേ വീട്ടിലേക്കു കണ്ണെറിഞ്ഞു.
ഇല്ല ആരും പുറത്തില്ല ഭാഗ്യം..
ഈ കളിയിൽ അയാൾക്ക്‌ പൈസ കിട്ടുന്നതും മറ്റു ചിലപ്പോൾ പോകുന്നതും അവൻ കണ്ടിട്ടുണ്ട്.
ഭാഗ്യം പരീക്ഷിച്ചാലോ??
കൈയ്യിലാണെങ്കിൽ അമ്പതു പൈസ ഉണ്ടുതാനും.
ചിലപ്പോൾ കുറച്ച് പൈസ കിട്ടിയാലോ!!അമ്മയറിഞ്ഞാൽ കൊന്നുകളയും. "അയാളോടോപ്പോം നന്ദൂട്ടൻ കളിക്കാൻ കൂടേണ്ടട്ടോ, അയാൾ ചീത്തയാണ്"
അമ്മ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്.
"പെണ്ണുങ്ങളെ കണ്ടിട്ടിട്ടില്ലാത്ത വണ്ണമുള്ള അയാളുടെ  ഒരു നോട്ടം കണ്ടിട്ടില്ലേ"
അമ്മയും ഇച്ചേച്ചിയും ശേഖരേട്ടനെക്കുറിച്ചു അടക്കം പറയുന്നത് അവൻ പലതവണ കേട്ടിട്ടുള്ളതാണ്.
എന്തായാലും അവർ കളിയ്ക്കാൻ തുടങ്ങി. ഇരുപത്തഞ്ചു പൈസക്കാണ് കളി.
ശേഖരേട്ടനാണ് പൈസ ചുഴറ്റി എറിഞ്ഞു പിടിക്കുന്നത്.അയാളുടെ തലയ്ക്കു മുകളിൽ അമ്പതുപൈസ വട്ടം കറങ്ങി.
അവൻ പതിയെ പറഞ്ഞു "തല".
അവന്റെ നെഞ്ച് പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു.
ശേഖരേട്ടൻ കൈതുറന്നു..ഭാഗ്യം!!!
തല തന്നെ, എനിക്ക് ആവേശമായി.
വീണ്ടും ശേഖരേട്ടൻ പൈസ ചുഴറ്റി മുകളിലേക്കടിച്ചു.ഞാൻ വീണ്ടും പറഞ്ഞു "തല".
ശേഖരേട്ടൻ കൈതുറന്നപ്പോൾ വീണ്ടും ഭാഗ്യമെന്നെ തുണച്ചു!!!
അങ്ങനെ കളിച്ചു കളിച്ചു അവന്റെ കൈയ്യിൽ രണ്ടു രൂപ ആയി.ഒരു രൂപ അമ്പതു പൈസ ലാഭം അവൻ കണക്കുകൂട്ടി.
"ഇനി അമ്പതു പൈസക്ക് കളിച്ചാലോ"?അയാൾ ചോദിച്ചു.
വിജയങ്ങൾ തുടർക്കഥയായ അവനും അത്  സമ്മതിച്ചു.
ജയപരാജയങ്ങൾ മാറിക്കൊണ്ടിരുന്നു.
ഇപ്പോൾ അവന്റെകയ്യിൽ മൂന്നു രൂപ ആയി.പൈസ പോയതിന്റെ സങ്കടത്തിലോ അതോ മൊത്തം തിരിച്ചുപിടിക്കാനുള്ള ആവേശത്തിലോ എന്തോ ശേഖരേട്ടൻ അമ്പതു പൈസയിൽ നിന്നും ഒരു രൂപയുടെ  കളിയാക്കാൻ അവനെ  നിർബന്ദിച്ചുകൊണ്ടിരുന്നു. കൂലിപ്പണികഴിഞ്ഞു അമ്മ വരാനുള്ള നേരമായി.കളിക്കിടെ അവൻ കുന്നിൻ മുകളിലേക്കിടക്കിടെ കണ്ണെറിഞ്ഞുകൊണ്ടിരുന്നു.
അതാ അമ്മ കുന്നിറങ്ങി വരുന്നുണ്ട്.
"ശേഖരേട്ടാ അമ്മ വരുന്നുണ്ട് എനിക്ക് പോണം".
അവൻ പോകാൻ തുടങ്ങിയപ്പോൾ ശേഖരേട്ടന് വിടാൻ ഭാവമില്ല.
"എടാ ഒന്നുകൂടെ കളിച്ചു നോക്ക്, രണ്ടു രൂപയ്ക്കൊരു കളി.കിട്ടിയാൽ അഞ്ചു രൂപയാകില്ലേ!!
ഇതു പറഞ്ഞു കൊണ്ടയാൾ നാണയം മുകളിലേക്ക് അടിച്ചു കഴിഞ്ഞു.
അവൻ രണ്ടും കല്പിച്ചു  പറഞ്ഞു "തല "
അവന്റെ ഹൃദയം പടാപടാന്നിടിക്കുന്നതു അവന്  പോലും കേൾക്കാമായിരുന്നു.
അയാൾ വീണ്ടും കൈ തുറന്നു... "തല ".. അയാളുടെ മുഖം വെളുത്തു വിവർണ്ണമായി. കണ്ണുകൾ വീണ്ടും ചുവന്നു വന്നു.
എന്നാൽ നന്ദുവിന്  മുഖം സൂര്യകാന്തിപൂ പോലെ വിടർന്നു വന്നു.
അഞ്ചു രൂപയായി!!
അവൻ വീട്ടിലേക്കോടാനൊരുങ്ങി.
അയാളവന്റെ  കയ്യിൽ കയറി പിടിച്ചു.
"ഒന്നൂടെ നോക്കുന്നോ?
അഞ്ചു രൂപയുടെ ഒരേ ഒരു കളി!!
കിട്ടിയാൽ പത്തു രൂപ!! പോയാലും  നിനക്ക്
അമ്പതു പൈസയല്ലേ നഷ്ടം വരികയുള്ളു"
എന്നിലെ പ്രതീക്ഷയുടെ നാളങ്ങളെ അയാൾ വീണ്ടും ഊതി പെരുപ്പിക്കുകയാണ്.
"നന്ദൂട്ടാ നീ എന്താ ഇവിടെ?നിനക്കു പഠിക്കാനൊന്നുമില്ലേ"
അവരെ കടന്ന് പോകുംവഴി അമ്മ അവനോട് ദേഷ്യപ്പെട്ടു.
"പഠിച്ചു കഴിഞ്ഞതാണമ്മേ.. ഞാനിങ്ങോട്ടു ഇപ്പോൾ വന്നതേയുള്ളു"
അവൻ പരുങ്ങി.
"ങ്ങാ വേഗം വാ"
അമ്മ  വീട്ടിലേക്കു നടന്നു.
അവനയാളുടെ മുഖത്തേക്ക് നോക്കി.
ചത്ത എലിയെ തട്ടിക്കളിക്കുന്ന പൂച്ചയുടെ  ഭാവമായിരുന്നു അയാൾക്കപ്പോൾ.
കണ്ണുകളിൽ നിഷ്ടൂര ഭാവം നിറഞ്ഞു നിന്നു.
"അടിക്കട്ടെ"രണ്ടുരൂപ ഉയർത്തി കാട്ടി കൊണ്ടയാൾ ചോദിച്ചു.
മനസ്സില്ലാമനസ്സോടെ അവൻ തലയാട്ടി.
പൈസ മുകളിലേക്കുയർന്നു വട്ടം കറങ്ങി.
അവന്റെ പ്രതീക്ഷയുടെ കിരണങ്ങളേറ്റട്ടെന്നവണ്ണം ആ നാണയം അന്തിവെളിച്ചത്തിലും വെട്ടിത്തിളങ്ങി.
രണ്ടും കല്പിച്ചു അവൻ പിറുപിറുത്തു..
"തല"അവന്റെ തൊണ്ടയിൽ ശബ്‍ദം കുരുങ്ങി കിടന്നു.
ശേഖരേട്ടൻ കൈതുറന്നു!!! കാർമേഘമായിരുന്ന
അയാളുടെ മുഖം ഉദയസൂര്യനുദിച്ച പുലർകാലം പോലെ മിന്നിത്തിളങ്ങി
"വാല് "അയാളാട്ടഹസിച്ചു.
അവനെ നോക്കി അയാൾ പല്ലിളിച്ചു.
ഒരു കൊച്ചു പയ്യനിൽ നിന്നേറ്റ  പരാജയത്തിൽ നിന്നും അയാൾ മുക്തനായി.
ലോകത്തിലെ എല്ലാ ദുഃഖങ്ങളും അവന്റെ മുഖത്തേക്കിരച്ചു കയറി.
ഇപ്പോളവൻ പൊട്ടിക്കരയുമെന്നായി.
പ്രതീക്ഷയുടെ എല്ലാ വേരുകളുമറ്റു.
ഇനിയെന്ത്...
കണ്ണിൽ ഇരുട്ട് കയറന്നതു പോലെ.
"നന്ദൂട്ടാ"
അമ്മയുടെ വിളി പിന്നെയും കേട്ടു.
എന്ത് ചെയ്യണമെന്നറിയാതെ മുഖം താഴ്ത്തി അവൻ വീട്ടിലേക്കോടി.
"ഞാനെത്തിയമ്മേ"
ശബ്ദം അവന്റെ തൊണ്ടയിലുടക്കിനിന്നു.
"എത്ര നേരായെടാ വിളിക്കുന്നു,
കുടിക്കാനൊരുതുള്ളി വെള്ളമില്ല,നിനക്ക് രണ്ട് കുടം വെള്ളം കൊണ്ടു വെച്ചാലെന്തായിരുന്നൂ നന്ദൂ?
അമ്മ ദേഷ്യപ്പെട്ടു..
അത് പതിവില്ലാത്തതാണ്.
അയാളോടൊപ്പം കളിയ്ക്കാൻ പോയതിന്റെ ഈർഷ്യ അവരുടെ വാക്കുകളിൽ നിറഞ്ഞുനിന്നു.
അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
"ഞാൻ പരീക്ഷക്ക് പഠിക്കയാർന്നമ്മേ" അവനൊരു കള്ളം പറഞ്ഞു.
എന്നുമവൻ ക്ലാസ് വിട്ടു വന്നതിനു ശേക്ഷം മൂന്നുനാലു കുടം വെള്ളം കൊണ്ട് വെക്കുന്നതാണ്,  ഇന്നത് മറന്നു പോയി.
"ങ്ങാ..സാരമില്ല"അമ്മ മെല്ലെ പറഞ്ഞു.
എന്നട്ട് അവനെയും കൂട്ടി വെള്ളം കൊണ്ടൊരാൻ പോയി.
ഒരു നട കഴിഞ്ഞപ്പോളമ്മ പറഞ്ഞു,
"ഞാനടുപ്പത്തു കഞ്ഞിക്കുള്ള വെള്ളം വെക്കട്ടെ, നീ തെക്കേ വീട്ടിൽ നിന്നും നാഴി അരി കടം മേടിച്ചിട്ട് വാ"
കഴിഞ്ഞ ആഴ്ചത്തെ റേക്ഷൻ ഇതുവരെ വാങ്ങാനൊത്തട്ടില്ല..അമ്മ നെടുവീർപ്പിട്ടു.
അവൻ ചെറിയൊരു പത്രവുമെടുത്ത് തെക്കേതിലെക്ക് ഓടി.അവിടുത്തെ അമ്മൂമ്മ അവനോട് കയർത്തു..
"വിളക്ക് വയ്ക്കുന്ന നേരത്താണോ കാലി പാത്രവുമായി ഉമ്മറത്തു വരുന്നത്"
ഇതുകേട്ട് ഇച്ചേച്ചേച്ചി എന്നോട്  പുറകുവശത്തു കൂടി വരാൻ ആഗ്യംകാണിച്ചു.
"നിന്റെ പരീക്ഷ ഒക്കെ കഴിഞ്ഞോ നന്ദൂ "
അരി അളന്നു തരുന്നതിനിടയിൽ ഇച്ചേച്ചി അവനോടു കുശലം ചോദിച്ചു.
അവൻ ഇല്ലെന്നു തലയാട്ടി.
ഇച്ചേച്ചിക്കു അവനെ വല്യ ഇഷ്ടമാണ്. അവിടുത്തെ മരുമകളാണ് ഇച്ചേച്ചി.
കല്യാണം കഴിഞ്ഞട്ടു അധികമായിട്ടില്ല.
ഇച്ചേച്ചിയുടെ ഏറ്റവും വലിയ സഹായി അവനാണ്. കടയിൽ പോകാനും പശൂനെ കുളിപ്പിക്കാനും എന്തിനും ഏതിനും അവരവനെ വിളിക്കും.
"നിനക്കു ചക്ക പുഴുക്ക് വേണോടാ"
ഇച്ചേച്ചി സ്നേഹത്തോടെ കവിളിൽ തലോടികൊണ്ട്  അവനോടു ചോദിച്ചു.
വേണ്ടന്നു തലയാട്ടികൊണ്ടവൻ  വീട്ടിലേക്കോടി.
"എത്ര നേരായി നന്ദൂട്ടാ വെള്ളം തിളച്ചട്ട്.. ഞാനൊന്നു കുളിക്കട്ടെ, നീ അരിയിട്ടിട്ടു വിളക്കു വയ്ക്കാൻ നോക്ക്.. സമയം ഏഴാകാനായി"
മുറ്റത്തെ അടുപ്പിൽ നിന്നും ചൂടുവെള്ളം വാങ്ങികൊണ്ടമ്മ പറഞ്ഞു.
"അമ്മേ നല്ലെണ്ണയും തീർന്നു"
വിളക്ക് വെയ്ക്കുന്നതിനിടക്ക് അവൻ വിളിച്ചു പറഞ്ഞു.
"ങ്ങാ.. ഇനിയിപ്പം ശനിയാഴ്ച കൂലി കിട്ടുമ്പോൾ വാങ്ങാം" അമ്മ പറഞ്ഞു.

                  അത്താഴം കഴിച്ചു മണ്ണെണ്ണ വിളക്ക് ഊതി കെടുത്തി അവർ കിടന്നു.മണ്ണെണ്ണയുടെ പുകമണച്ചൂര് അവിടെയെങ്ങും നിറഞ്ഞു.അകലെ എവിടെയോ ഒരു നായ നിർത്താതെ ഓരിയിടുന്നുണ്ടായിരുന്നു.പതിവു പോലെ അമ്മയവന്റെ മുടിയിൽ ചിക്കികൊണ്ട് ഏതോ കഥക്ക് കോപ്പുകൂട്ടുകയായിരുന്നു.
പക്ഷേ അവനതൊന്നും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല.
അമ്മയോട് പറയണോ വേണ്ടയോ എന്നറിയാതെ ബോക്സിന്റെ കാര്യം അവന്റെ നെഞ്ചിൽ വിങ്ങിപ്പൊട്ടി.
"നീയെന്താ ഒന്നും മൂളാത്തത്, ഇന്നെന്താ  പെട്ടെന്നുറങ്ങിപ്പോയോ"
അമ്മയുടെ ശബ്‍ദം എന്റെ കാതിൽ പതിഞ്ഞെങ്കിലും അവനൊന്നും മിണ്ടാതെ ഉറക്കം നടിച്ചു കിടന്നു...അമ്മയുടെ നേർത്ത കൂർക്കം വലി നിശബ്‍ദതയെ ഭേദിച്ചു തുടങ്ങിയിരിക്കുന്നു.അവൻ ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടന്നു.
പിന്നെയെപ്പോഴോ അവനും ഉറങ്ങിപോയി.
ഒരു നൂറായിരം ബോക്സ്സുകളും അത്രയും തന്നെ പേനകളും നിറയെ മിഠായികളും ദൈവം അവനുമേൽ വർഷിച്ചുകൊണ്ടിരുന്നു.
അവന്റെ സങ്കടങ്ങളുടെ ഓരോ അണുവിലും ദൈവം സന്തോഷത്തിന്റെ അമൃതം നിറയ്ക്കുകയാണ്.അവൻ സന്തോഷത്താൽ മതിമറന്നുറക്കെ ഉറക്കെ ചിരിച്ചു.
"നന്ദൂട്ടാ അടുപ്പത്തു അടയും ചായയും ഇരിപ്പുണ്ട്.. ഇന്നലത്തെ കഞ്ഞി ചൂടാക്കി വച്ചിട്ടു  എന്തോ നന്ദൂന് അതത്ര പിടിച്ചില്ല.

"നന്ദൂട്ടാ,ഒന്നിവിടം വരെ വാ!!'
ഇച്ചേച്ചിയുടെ ഒച്ചയാണ്
"ഇച്ചേച്ചി വിളിക്കുന്നുണ്ട്"
അവനയാളുടെ കൈ ശരീരത്തുനിന്നും ബലമായി അടർത്തി മാറ്റി.
"നിനക്കപ്പോൾ പൈസ വേണ്ടേ"
അയാളുടെ ചോദ്യത്തിന് മറുപടി കൊടുക്കുന്നതിനു മുൻപേ അവൻ തെക്കേ വീട്ടിലേക്കോടി കഴിഞ്ഞിരുന്നു.
"നിന്നോട് പറഞ്ഞട്ടില്ലേ നന്ദൂ അയാളടടുത്തു പോകരുതെന്ന്"
ഇച്ചേച്ചി അവനെ ശകാരിച്ചു.
"നീ കടയിൽ പോയി കുറച്ചു പിണ്ണാക്ക് വാങ്ങി കൊണ്ടൊരുവോ?"
അവൻ തലയാട്ടി.
കടയിലേക്ക് പോയി തിരിച്ചു വരുമ്പോളാണ് അവൻ കുട്ടാപ്പിയെ കണ്ടു മുട്ടിയത്.

"ഡാ പരീക്ഷയൊക്കെ തീർന്നില്ലേ..
നീ കാപ്പിക്കുരു പെറുക്കാൻ കൂപ്പിൽ വരുന്നുണ്ടോ അവൻ ചോദിച്ചു.അയല്പക്കത്തെ അവന്റെ കൂട്ടുകാരിൽ പ്രധാനിയാണവൻ.മൂപ്പർക്ക് പഠിക്കാനൊന്നും വലിയ താല്പര്യമില്ല.
എന്തെങ്കിലും അല്ലറചില്ലറ പണിയെടുത്തു സ്വന്തം ചെലവിനുള്ള വട്ടക്കാശു അവൻ ഒപ്പിച്ചിരിക്കും.കൂലി പണിക്കാരായ അവന്റെ അച്ഛനും അമ്മയും അവൻ സ്കൂളിൽ പോയോ പോയില്ലയോ എന്നു അന്നേക്ഷിക്കാറുമില്ല.
"ഈ ചെറുക്കനെ നീയിങ്ങനെ കയറൂരി വിട്ടേക്ക്വ എന്റെ ശങ്കുണ്യേ"
ആരോ ഒരിക്കൽ കുട്ടാപ്പിയുടെ അച്ഛനോട് ചോദിക്കണ കേട്ടു.
"മൊത്തം എട്ട് പേരുടെ വയറു കാച്ചിലടക്കണം, അവനെ കൊണ്ടാവണത് അവൻ ചെയ്യട്ടെ"
കുട്ടന്റെ അച്ഛന്റെ മറുപടിയിൽ മറുചോദ്യമുന്നയിക്കാനാവാതെ ചോദ്യകർത്താവ് എല്ലാമൊരു മൂളലിൽ ഒതുക്കി.
                    അക്കര കൂപ്പിൽ കാപ്പിപറി കഴിഞ്ഞു.സർക്കാർ വക കൂപ്പാണ്.
അതിനാൽ അവിടുത്തെ കാപ്പിപറി കഴിഞ്ഞാൽ ആ പരിസരങ്ങളിലുള്ളവരെല്ലാം കാപ്പിക്കുരു പെറുക്കാൻ അവിടെ പോകാറുണ്ട്.കൂപ്പിന്റെ അടുത്തുള്ള ചിലർ രാത്രിയിൽ കാപ്പിക്കുരു കട്ട് പറിക്കാറുണ്ട് എന്നൊരു അടക്കം പറച്ചിൽ നാട്ടിൽ പലരും പറഞ്ഞു കേട്ടിട്ടുണ്ട്,വാച്ചർമാരുടെ അറിവോടെയാണുപോലും.പക്ഷെ പകൽ സമയത്തു വാച്ചർന്മാര് ആരെ കണ്ടാലും  വലിയ മുളവടികളുമായി ഓടിക്കും അടുക്കും.
കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന കൂപ്പിന്റെ എല്ലായിടത്തും വാച്ചർമാരുടെ കണ്ണെത്തുകയില്ല.അല്ലെങ്കിൽ അവരതിന് ശ്രമിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ എല്ലാ വർഷവും കാപ്പിപറി കഴിഞ്ഞാൽ അവിടുത്തെ ആബാലവൃദ്ധം ആൾക്കാരും കൂപ്പിലുണ്ടാവും.
"നീ എന്റെ കൂടെ വേണേൽ പൊന്നോ"
നന്ദൂന്റെ ചിന്തക്ക് വിരാമമിട്ടുകൊണ്ടവൻ പറഞ്ഞു.
"ഞാനുമുണ്ട്" നന്ദുവും പറഞ്ഞു.
"ങ്ങാ..,എങ്കിൽ ഒരു ചിരട്ടയും കൂടെ വല്ല  സഞ്ചിയോ കവറോ കൂടി കരുതിക്കോ" കുട്ടാപ്പി  അവനെ ഓർമിപ്പിച്ചു.
അവർ കൂപ്പിലേക്കു യാത്രയായി.
                  വലിയ ആനക്കാടിനു അടുത്താണ് കൂപ്പ്, വീട്ടിൽ നിന്നും കുറച്ച് ദൂരമുണ്ട്.
അവർ  അവിടെ എത്തിയപ്പോഴേക്കും ആളുകളെ കൊണ്ട് കൂപ്പു നിറഞ്ഞിട്ടുണ്ട്.പല  വീടുകളിൽനിന്നും കുടുംബസമേതമാണ് ആളുകൾ വന്നിരിക്കുന്നത്.ആളുകൾ പലകുറി കയറിയിറങ്ങിയ കാപ്പിച്ചോടാണ്.. അതിന്റെ ചോട്ടിൽ ഒന്നും തന്നെഇല്ല.
നന്ദു  കുട്ടാപ്പിയെ നോക്കി.
"ഇവിടെയൊന്നും ഇല്ലല്ലോടാ"
"അഞ്ചാറു ദിവസമായെടാ ആളുകൾ പെറുക്കാൻ തുടങ്ങിയിട്ട് അതുകൊണ്ടാ ഇവിടെ ഒന്നും ഇല്ലാത്തത്.നമ്മുക്ക് കൂറേ മുൻപോട്ടു പോയി നോക്കാം"കുട്ടാപ്പി പറഞ്ഞു
കുട്ടാപ്പിക്ക് കൂപ്പു മുഴുവൻ നല്ല പരിചയമാണ്.
അവർ കൂപ്പിന്റെ കൂറേ ഉള്ളിലേക്ക് പോയി. ശരിയാണ്.. ഇവിടെ ആൾക്കാർ അത്രയ്ക്ക് നിരങ്ങിയിട്ടില്ല.
അവർ കാപ്പിക്കുരു പെറുക്കാൻ ആരംഭിച്ചു. ചപ്പും ചവറിന്റെയും ഇടയിൽ നിന്നും ഒരോരോ കാപ്പികുരുക്കൾ ഞങ്ങൾ ചികഞ്ഞെടുക്കാൻ തുടങ്ങി.ചിലയിടത്തു നിറയെ മുള്ളാണ് മറ്റ് ചിലയിടത്തു നിറയെ ഉറുമ്പും.. പക്ഷേ ആയിടങ്ങളിൽ കാപ്പിക്കുരു നല്ലവണ്ണമുണ്ട്.
"നന്ദൂട്ടാ വേഗം പെറുക്കിക്കോ.. വൈകുന്നേരം ആകുമ്പോളേക്കും മൂന്നു നാലു കിലോ ഒപ്പിക്കാം"
കുട്ടാപ്പി അടക്കം പറഞ്ഞു.
അവർ വിശപ്പും ദാഹവുമറിയാതെ കാപ്പിക്കുരു പെറുക്കുകയാണ്.
"പിള്ളേരെ നിങ്ങളൊന്നും കഴിക്കുന്നില്ലേ" ഒരു ചേച്ചീ അവരോട് ചോദിച്ചു.അപ്പോഴാണവർ  വിശപ്പിന്റെ കാര്യമോർത്തത്.
കാപ്പിച്ചോട്ടിലെ ഇരുളിമയിൽ സമയമവരെ കബളിപ്പിച്ചു കടന്നുകഴിഞ്ഞതവർ അറിഞ്ഞിരുന്നില്ല.
അവരൊന്നും കഴിക്കാൻ കരുതിയിട്ടുണ്ടായിരുന്നില്ല.
"അതിനു ഞങ്ങളിപ്പം വീട്ടിലേക്കു പോകും ചേച്ചീ"കുട്ടാപ്പി വിളിച്ചു പറഞ്ഞു.
"വയറുണങ്ങാതെ  വല്ല വെള്ളമെങ്കിലും കുടിച്ചോ പിള്ളേരെ"
എന്നു പറഞ്ഞുകൊണ്ടാ സ്ത്രീ അവരെ കടന്നുപോയി.
"എടാ താഴെ നല്ലതണുത്ത വെള്ളം കിട്ടുന്ന ഒരുറവയുണ്ട്, നമ്മുക്ക് അവിടെപ്പോയി വെള്ളം കുടിക്കാം"കുട്ടാപ്പി പറഞ്ഞു.
നന്ദൂ തലയാട്ടി.
"ഏതായാലും ഇത്രേടം വന്നതല്ലേ കുറച്ചും കൂടെ പെറുക്കിയിട്ടു നമ്മുക്ക് പോകാം" കുട്ടാപ്പി പറഞ്ഞു.
അവർ വെള്ളം കുടിച്ചതിനു ശേഷം വീണ്ടും കാപ്പിച്ചോട്ടിലേക്കു പോയി.
വർധിത വീര്യത്തോടെ കാപ്പിക്കുരു പെറുക്കൽ തുടർന്നു.കാപ്പിക്കുരു കൊണ്ടുപോയി കടയിൽ കൊടുക്കുന്നതും അമ്മ വരുന്നതിനു മുൻപേ റേഷൻ വാങ്ങുന്നതും ഓർത്തു നന്ദൂന്റെ ചുണ്ടിൽ ഒരുചിരി പടർന്നു.
"എന്താ നന്ദൂട്ടാ നീ ചിരിക്കുന്നത്" കുട്ടാപ്പി വിളിച്ചു ചോദിച്ചു.
"ഒന്നുമില്ല"അവൻ മറുപടി പറഞ്ഞു.
എന്തോ "കള്ളൻ" എന്ന വിളിപ്പേരിനെ അവൻ അത്രയ്ക്ക്  ഭയപ്പെട്ടു.
ദൂരെ നിന്നും വിസിലടി ഒച്ചയും ആൾക്കാരുടെ കൂട്ടപ്പൊരിച്ചലും എന്നെ ചിന്തയിൽ നിന്നുണർത്തി.
ആൾക്കാർ ഏതിലൂടെയൊക്കയോ ചന്നം ചിന്നം ഓടുകയാണ്.
"ഓടിക്കോ നന്ദൂട്ടാ വാച്ചർമാരു വരുന്നുണ്ട്" കുട്ടാപ്പി അതും പറഞ്ഞു ഓട്ടം കഴിച്ചിരുന്നു.
നന്ദുവും ജീവനും കൊണ്ട് അവനു പിറകെ പാഞ്ഞു.വലിയകുറുവടിയുമായി വാച്ചർമാർപുറകേയും.ഓട്ടത്തിനിടയിൽ  ചിരട്ടയില്നിന്നും കാപ്പികുരുക്കകൾ തെറിച്ചു പുറത്തേക്കു പോയി കൊണ്ടിരുന്നു.
കാപ്പിച്ചില്ലകൾ എവിടെയൊക്കെയോ കൊളുത്തി വലിക്കുന്നുണ്ട്.
അടികിട്ടുമോ എന്നുള്ള അവരുടെ ഭയമോ അതോ ഓടി മെനെക്കെടാൻ നിക്കാത്ത വാച്ചർമാരുടെ കാലുകളോ എന്തോ
ഓടി തളർന്നു അവർ കാടിന്റെ അരികിലെത്തിയപ്പോഴേക്കും വാച്ചർമാർ തിരിച്ചുപോയി കഴിഞ്ഞിരുന്നു.
മെല്ലെ നടന്നു ഒരു കാട്ടരുവിയുടെ കരയിൽ അവർ തളർന്നിരുന്നു.ഈ ഭൂഗോളം മുഴുവൻ ഓടി തീർത്ത നായകളെ പോലെ അവർ രണ്ടുപേരും കിതക്കുന്നുണ്ടായിരുന്നു.
ദേഹമാകമാനം നീറുന്നു.. കാപ്പിച്ചില്ലകൾ തട്ടി അവിടിവിടെയായി ചോര ചിനക്കുന്നുണ്ടായിരുന്നു.
അൽപ സമയം വിശ്രമിച്ചതിനു ശേഷം പുഴയിൽനിന്നും കൈയും കാലും മുഖവും  കഴുകി പെറുക്കിയ കുരുവിന്റെ തൂക്കം പരിശോധിക്കുകയാണ് കുട്ടാപ്പി.
"കുഴപ്പമില്ലടാ മൂന്നു കിലോയിൽ കൂടുതൽ ഉണ്ട്" അവൻ പറഞ്ഞു.
"എനിക്കും അത്രെയും ഉണ്ടാകും" എന്നും പറഞ്ഞു നന്ദു അവന്റെ കവറെടുത്തു.
കവറിനു തീരെ ഭാരമില്ലാത്തതു പോലെ.. അയ്യോ!! സഞ്ചിലൊരു കീറൽ!!!
"എടാ എന്റെ കവർ എവിടെയോ കമ്പുടക്കി "
കൂറേ കാപ്പിക്കുരുക്കൾ അതിലൂടെ പോയെടാ"
ഓട്ടത്തിനിടയിൽ ഒന്നും ശ്രെദ്ധിച്ചില്ല.
നന്ദുവിന്റെ കണ്ണുനീർ കണ്ണ് നിറച്ചു പുറത്തേക്കൊഴുകി.എത്ര നിയന്ത്രിച്ചിട്ടും തേങ്ങലടക്കാനാവാതെ അവൻ വിങ്ങിപൊട്ടിക്കരഞ്ഞു.
"സാരമില്ല നന്ദൂട്ടാ നാളെ നമ്മക്ക് ഇതിലും കൂടുതൽ പെറുക്കാം"കുട്ടാപ്പി എന്നെ ആശ്വസിപ്പിക്കാൻ ശ്രേമിച്ചു.
നാളെയല്ലേടാ ഇന്നാണ് എനിക്ക് ഈ കാപ്പിക്കുരുവിന്റെ ആവിശ്യം,നന്ദൂന് അവനോടു വിളിച്ചു പറയണമെന്ന് തോന്നി.പക്ഷേ ഒന്നും മിണ്ടാതെ അവന്റെ സങ്കടമവൻ  തേങ്ങലുകളിലൊതുക്കി.
"സമയമൊരുപാടായിനമുക്ക് പോകാം"കുട്ടാപ്പി  തിരക്ക് കൂട്ടി.
നന്ദു വീട്ടിലെത്തി ഉള്ള കാപ്പിക്കുരു മുറത്തിലിട്ടു പേറ്റി ചപ്പും ചവറും കളഞ്ഞു വൃത്തിയാക്കി.
റേഷൻ കാർഡും സഞ്ചിയും കൂടെ താൻ കഷ്ടപ്പെട്ടു പെറുക്കിയ കാപ്പിക്കുരുവുമായി അവൻ അങ്ങാടിയിലെത്തി.അമ്മ പണി കഴിഞ്ഞു വരാനുള്ള നേരമായി.അതിനു മുമ്പ് കാപ്പിക്കുരു വിറ്റു കാശാക്കണം.
എട്ട്  രൂപകിട്ടി!!
ഇരുപത് രൂപ കിട്ടുമായിരുന്നെങ്കിൽ.. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
എന്തൊക്ക പ്രതീക്ഷകളായിരുന്നു.
അമ്മ വരുന്നതിനു മുൻപേ റേഷൻ വാങ്ങി കാത്തു നിൽക്കണം...
കളഞ്ഞു പോയ പൈസ താഴെ കിടന്നു കിട്ടിയെന്നു കള്ളം പറയണം..
അങ്ങനെ എന്തെല്ലാം...എല്ലാം വ്യഥാവിലായി.
അവൻ റേഷൻ കടയിലെത്തി.
ശനിയാഴ്ച ആയതിനാൽ നല്ലതിരക്കുണ്ട്.
റേഷൻ കടയിൽ അമ്മയുടെ  കാർഡ് വിളിച്ചു..
"അമ്മ ഇതുവരെ എത്തിയില്ല" അവൻ പറഞ്ഞു..
"എന്നാ നിയങ്ങോട്ടു മാറി നിക്ക്, അമ്മ വന്നിട്ട് വാങ്ങിക്കോ,ഞാൻ ഇതിൽ പതിച്ചട്ടുണ്ട്" കടക്കാരൻ അവനോട് പറഞ്ഞു.
ശരിക്കും ഇരുട്ടായി..
പണിക്കു പോയ പെണ്ണുങ്ങൾ വന്നുതുടങ്ങി.
ദാ.. അമ്മ വരുന്നുണ്ട് ആ ഇരുളിമയിലും അമ്മയുടെ നിഴലാട്ടം അവൻ തിരിച്ചറിഞ്ഞു. അവൻ ഓടി ചെന്നു.
"അമ്മേ ആറു രൂപ കൂടെ വേണം അരി വാങ്ങിക്കാൻ" അവൻ പറഞ്ഞു.
പതിനാലു  രൂപയാണ് റേഷൻ വാങ്ങാൻ അവനതറിയാം.
"ബാക്കി പൈസ എവിടുന്നാടാ"
അമ്മ ചോദിച്ചു.
അവൻ കൂപ്പിൽ പോയ കഥ പറഞ്ഞു.
അമ്മയെന്റെ നെറുകയിൽ തഴുകി.
"മോനെന്തിനാ കൂപ്പിലൊക്കെ പോകുന്നത്. നമ്മുക്ക് വേണ്ടത് അമ്മ പണിയെടുത്തുണ്ടാക്കുന്നില്ലേ?
അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്ന് തിളങ്ങുന്നത്  നേർത്ത നിലാവെളിച്ചത്തിൽ അവൻ തിരിച്ചറിഞ്ഞു.
ഞങ്ങൾ വീട്ടിലെത്തി.
സഞ്ചിയിൽ നിന്നും പൊതിയഴിച്ചു നല്ല ചൂടുള്ള നെയ്യപ്പം അമ്മയെനിക്ക് തന്നു.
"നന്ദൂട്ടൻ കൂപ്പിലൊന്നും കാപ്പിക്കുരു പെറുക്കാൻ പോകണ്ടാട്ടോ,ആനേം പുലീം ഒക്കെ ഉള്ള കാടാണ്,എനിക്ക് നീ മാത്രല്ലേ ഉള്ളൂ.. "ചൂട്‌ കട്ടൻ ചായ ഊതി കുടിക്കുന്നതിനിടയിൽ അമ്മ തൊണ്ട ഇടറി പറഞ്ഞു.
തങ്ങളെ തനിച്ചാക്കി എങ്ങോ പോയി മറഞ്ഞ അച്ഛന്റെ മുഖം ഓർത്തെടുക്കാൻ അവൻ പാടുപെട്ടു.
"ഞാൻ പറയുന്നത് നീ കേൾക്കുന്നില്ലേ"
അമ്മ വീണ്ടും ആവർത്തിച്ചു അവൻ മൂളികൊണ്ട് തലയാട്ടി.
രാത്രി ഉറങ്ങുന്നതിനിടയിൽ അവന്റെ മുടിച്ചിക്കി കൊണ്ട് അമ്മ അമ്മയുടെ പഴയ കഥകൾ പറയാൻതുടങ്ങി.
ചെറുപ്പത്തിലേ പഠിത്തം ഉപേക്ഷിച്ചു അമ്മമ്മയുടെ കൂടെ പണിക്കിറങ്ങിയതിന്റേയും പട്ടിണികിടന്നതിന്റെയും കഥകൾ.കാടുകളും മേടുകളും കേറിയിറങ്ങി മഞ്ഞോ മഴയോ വെയിലോ നോക്കാതെ കഷ്ട്ടപെട്ടതിന്റെ നേർക്കാഴ്ചകൾ.
എല്ലാം കേട്ടു കേട്ടു അവന്റെ കുഞ്ഞു മനസ്സിൽ വീണ്ടും കുറ്റബോധത്തിന്റെ കനം കേറിത്തുടങ്ങി..
അവൻ വിങ്ങി പൊട്ടി...
അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു..
"എന്തിനാ നന്ദൂട്ടാ നീ കരയുന്നത്,നിനക്കു കഥ കേൾക്കാൻ ഇഷ്ടമാണല്ലോ പിന്നെന്താ.."
അമ്മ അവന്റെ നെറുകയിൽ ഉമ്മവച്ചുകൊണ്ടു ചോദിച്ചു..
അതല്ലമ്മേ ആ ഇരുപത് രൂപ..
അതെടുത്ത് ഞാനാണ്..
അവൻ വിങ്ങി പൊട്ടി...
നടന്ന സംഭവങ്ങൾ ഒന്നൊന്നായി അവൻ അമ്മയെ ധരിപ്പിച്ചു.
അവന്റെ കണ്ണീരിനാൽ അവരുടെ മാറു നനഞ്ഞു.
"സാരമില്ലടാ..
എനിക്കറിയാമായിരുന്നു ചിലപ്പോളത് എന്റെ കുട്ടിതന്നെയാരിക്കും എടുത്തതെന്ന്‌...
പക്ഷെ അഥവാ അമ്മ അത് ചോദിച്ചിട്ട് എന്റെ കുട്ടിയല്ല അതെടുത്തതെങ്കിലോ?നിന്റെ മനസ്സു വിഷമിക്കുന്നതാ ഈ അമ്മക്ക് ഏറ്റവും വലിയ സങ്കടം.
എന്നോടൊപ്പം അമ്മയും വിങ്ങി പൊട്ടി.
എങ്കിലും അമ്മയോടെല്ലാം എന്റെ മോൻ തുറന്നു പറഞ്ഞല്ലോ..അമ്മ തുടർന്നു.
ഇപ്പൊൾ  അമ്മക്ക് സങ്കടമൊന്നുമില്ല ട്ടോ..
അമ്മേന്റെ നന്ദൂട്ടൻ നല്ലകുട്ടിയാ...
അമ്മയവന്റെ മുഖം ഉമ്മകൾ കൊണ്ട് മൂടി..
ഇനി എവിടുന്നും ആരോടും ചോദിക്കാതെ ഒരു പൈസ പോലും എന്റെ നന്ദൂട്ടൻ എടുക്കരുത് കേട്ടോ..അവർ ഇടറിയ സ്വരത്തിൽ അവനോടു അമ്മ പറഞ്ഞു നിർത്തി.
അവൻ മൂളി..
ഇല്ലമ്മ ഇനിയിതൊരിക്കലും ഞാനിത്  ആവർത്തിക്കില്ല അവൻ മനസ്സാൽ പ്രതിജ്ഞയെടുത്തു.
അന്നവൻ സുഖമായി ഉറങ്ങി..
അവന്റ മനസ്സ് അശാന്തിപർവങ്ങളിൽ നിന്നും
ശാന്തി തീരത്തിന്റെ താഴ്‌വരലേക്കുള്ള പ്രയാണം ആരംഭിച്ചിരുന്നു.എങ്ങുനിന്നോ വന്ന ഒരു തണുത്ത വയനാടൻ കാറ്റ്  തകരാവാതിലിനിടയിലൂടെ ചെറിയ ശബ്‍ദത്തോടെ  അവനെ വന്നു പൊതിഞ്ഞപ്പോൾ അമ്മയെ ഒന്നുംകൂടെ ഇറുകെ പുണർന്നവൻ  അഗാധ നിദ്രപൂണ്ടു.

            *********** ശുഭം *********
                       രതീഷ് കോച്ചേരി 

No comments:

Post a Comment