Pages

Sunday, May 9, 2021

അകകണ്ണ്

കാഴ്ചയുണ്ടായിട്ടും
കാണേണ്ടതൊന്നും കാണാത്തവർ
കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവർ
കാഴ്ചയുടെ സത്യത്തെ അന്ധതയുടെ
ആവരണം ചാർത്തി അസത്യമാക്കുന്നവർ
കാഴ്ചയില്ലാഞ്ഞിട്ടും എല്ലാം കാണുന്നവർ
അകകണ്ണിൽ കാഴ്ചയുടെപൊരുളറിയുന്നവർ
കാഴ്ച
ചിലപ്പോൾ നീറുന്ന വേദനയാണ്
ചിലപ്പോൾ സുഖമുള്ള ആനന്ദമാണ്
ചിലപ്പോൾ മത്ത് പിടിപ്പിക്കുന്ന ലഹരിയാണ്
ചിലപ്പോൾ അസഹ്യമായ ഒരു നീറ്റലാണ്
കാഴ്ചയുടെ അളവുകോലിലൂടെ
ഹൃദയം അളക്കാൻ ശ്രെമിക്കുന്നവർ
ഹൃദയം പകുക്കാൻ ശ്രെമിക്കുന്നവർ
കാഴ്ചക്കു ദൂരമേറും തോറും
മങ്ങിയതെങ്കിലും നിലക്കാത്ത
പ്രകാശരേണു നമ്മെ കൈമാട്ടി വിളിക്കും
അടുക്കും തോറും കാഴ്ച്ച
നമ്മിലേൽപ്പിക്കുന്ന പ്രഹരം
ചിലപ്പോൾ നമ്മെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കും
ഉറക്കം വരാത്ത രാത്രികളിൽ
കാഴ്ചയുടെ ഹൃദയം തുറന്നു നോക്കുമ്പോൾ
ഞാൻ തിരിച്ചറിയുന്നു
കാഴ്ച അറിവാണ്
അറിവിന്റെ ഉറവാണ്
ചിലപ്പോൾ അത്
അന്ധവും അനന്തവുമാണ്.
വെറുതെ കാണുന്നതിലല്ല
അറിയുന്നതിലാണ് കാര്യം എന്ന്
കാഴ്ച
നമ്മോട് പറയാതെ പറയുന്നു 

No comments:

Post a Comment