Pages

Tuesday, May 18, 2021

നീന -2

എന്താടാ.. ആശ്ചര്യത്തോടെ വിപിൻ‌ദാസ്
അവനെ നോക്കി.
എടാ നീനയുടെ നിറഞ്ഞ കണ്ണുകൾ നീ ശ്രദ്ധിച്ചില്ലേ...
അവളുടെ ആ പൂച്ച കണ്ണുകൾ എന്നെ പലപ്പോഴും ഉറക്കം കെടുത്തുന്നു.
അവൾക്കെന്നെ അത്ര ഇഷ്ടമായിരുന്നു.
ഒരുപക്ഷെ അവളുടെ സ്നേഹം നഷ്ടപെടുത്തിയാണ് ഞാൻ ഈ ജീവിതം കെട്ടിപ്പടുത്തത്.വാസു പറഞ്ഞുകൊണ്ടിരുന്നു.
ഒന്നും സാരമില്ലടാ.. അവളിപ്പോൾ നല്ലൊരു കുടുംബജീവിതം നയിക്കുന്നു..കൂടാതെ നീയും...വിപിൻ ദാസ് അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
ഇടിവെട്ടികൊണ്ട് മഴ വീണ്ടും തിമിർത്തുപെയ്യാൻ തുടങ്ങി.
ഇടിമിന്നലിനിടയിൽ അവർക്കു പിറകിലായി ഒരാൾരൂപം!!!!അത് അവർക്കാരികിലേക്ക് നടന്നടുക്കുന്നു..വിപിൻ ദാസിന്റെ തൊണ്ടയിൽ ഒരാർത്തനാദം കുടുങ്ങി...
അടുത്ത ഇടിമിന്നലിൽ അവരാരൂപത്തെ തിരിച്ചറിഞ്ഞു.
നീന !!!!
നീനേ...നീയെന്താടി ഇവിടെ... ഇതുവരെ നീ പോയില്ലേ?? തെല്ലൊരന്ധാളിപ്പോടെ അവരവളെ നോക്കി.
അവസാന ബസ്സായിരുന്നു.. അത് അടുത്ത സ്റ്റോപ് ആയപ്പോഴേക്കും ബ്രേക്ക് ഡൌൺ ആയി... പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല ഇങ്ങോട്ട് പോന്നു..അവൾ പറഞ്ഞു നിർത്തി.
"ങ്ങാ.. അതു നന്നായി..എന്നാൽ ഞാൻ മറ്റൊരു റൂം ഏർപ്പാടാക്കാം"വിപിൻ‌ദാസ് താഴേക്കു നടന്നു.
ദേവാ...
അവളവനെ വിളിച്ചു...
നിലത്തുറക്കാത്ത കാലടികളുമായി അവൾക്കു മുൻപിൽ അവൻ നിന്നു.
ദേവാ...നീ വിപിനോട് പറയുന്നതെല്ലാം ഞാൻ കേട്ടു...
എന്തിനാടാ നീ എന്നെ നഷ്ടപ്പെടുത്തിയത്
അവളുടെ ഒച്ചത്തിലുള്ള ചോദ്യവും കരച്ചിലും അവിടെമാകം  നിറഞ്ഞു.
പിന്നെ മഴയുടെ ഇടിമുഴക്കത്തിലെവിടെയോ അത് അലിഞ്ഞില്ലാതെയായി.
അവന്റെ തൊണ്ട ഇടറി..
നിന്റെ സ്വപ്നങ്ങൾക്ക് വേണ്ടി...
എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി...
എനിക്ക് നമ്മളെ ഉപേക്ഷിക്കേണ്ടി വന്നു..
ദേവൻ വികാരാധീനനായി പറഞ്ഞു.
നിനക്കറിയ്യോ ഞാൻ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്??
അവനവളുടെ മുഖം തന്റെ കൈ കുമ്പിളിലൊതുക്കി.. തന്റെ മുഖം കുനിച്ചു അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു !!!
അതൊരു മിന്നൽ പിണരായി അവളുടെ ശരീരത്തിനെ കടന്നു പോയി.
അവർ പരസ്പരം പുണർന്നു.
ദേവാ...നിന്റെ ഈ ഒരു രാത്രി എനിക്ക് വേണം..
ഈ ടെറസ്സിൽ..ഈ മഴയിൽ കുതിർന്നു..നിന്റെ നെഞ്ചിൽ തല ചായ്ച്ചു എനിക്കിന്നുറങ്ങണം.
ഒരു കൊച്ച് കുഞ്ഞായി... നിന്റെ മാറത്തു ഇറുകെ പുണർന്നു കിടക്കാൻ ഒരു രാത്രി..
ഈ രാത്രി ഞാൻ നിനക്കായി സമർപ്പിക്കുന്നു.
നീയെന്ന വാരി പുണരുക.. ഒരു മുല്ല വള്ളി പോലെ എന്നിൽ പടർന്നു കയറുക.
അവൾ എന്തെല്ലാമോ പുലമ്പി കൊണ്ട് അയാളെ ഇറുകി പുണർന്നുകൊണ്ടിരുന്നു...
അയാൾ അവളിലേക്ക് സ്വയം അലിഞ്ഞില്ലാതെ ആവുകയായിരുന്നു...

കാളിങ് ബെൽ തുടരെ തുടരെ ഒച്ചയിട്ടു തുടങ്ങി,കൂടെ കതകു മുട്ടിവിളിച്ചുകൊണ്ടു  ഒരു സ്ത്രീയുടെ ശബ്ദവും..
"വാസു സാർ,ദർവാജ കോൽഡോ"...
"വാസു സാർ,ദർവാജ കോൽഡോ"
സമയം എട്ടുമണി കഴിഞ്ഞെങ്കിലും ആ ലക്ഷറി ഫ്ലാറ്റ് സമുച്ചയത്തിന്റെ പതിനാറാം നിലയിലെ അയാളുടെ റൂമിലേക്ക്‌ സൂര്യപ്രകാശരേണു ഇനിയും ജനൽ തള്ളിത്തുറന്നു വന്നിട്ടില്ല.
"വാസു സാർ,ദർവാജ കോൽഡോ""വാസു സാർ,ദർവാജ കോൽഡോ" സ്ത്രീ ശബ്‌ദം പരുക്കനായി തുടങ്ങി..
അത് അയാളുടെ ഉറക്കം ശരിക്കും കെടുത്തി.
"നാശം"... ഉറക്കച്ചടവ് വിട്ടുമാറാതെ നിലത്തുറക്കാത്ത കാലടികളുമായി അയാൾ കതകു തുറന്നു.
റൂം ക്ലീൻ ചെയ്യാനും,ഭക്ഷണ മുണ്ടാക്കിത്തരാനും വരുന്ന സ്ത്രീയാണ്.. ലക്ഷ്മി ദീദി.
അയാൾ അവരെ നോക്കി ചിരിച്ചെന്നു വരുത്തി.
വിസ്കിയുടെയോ സിഗററ്റിന്റെയോ വാട മൂക്കിൽ അടിച്ചിട്ടോ എന്തോ ഈർഷ്യ മുഖത്ത് പ്രകടിപ്പിച്ചുകൊണ്ടവർ റൂമിലേക്ക്‌ കടന്നു.
അവർ ഉണ്ടാക്കി കൊടുത്ത ബ്ലാക്ക് ടീ ഊതി കൊടുക്കുന്നതിനിടയിൽ വാസുദേവൻ ഓർമകളിലേക്ക് വഴുതിവീണു.ഞായർ ഒഴിച്ച് മറ്റെല്ലാ ദിവസവും ഏഴു മണിക്കേ അവരവിടെ വരാറുണ്ട്.താനീ നഗരത്തിൽ വന്നിട്ടിപ്പോൾ പത്തു വർഷമാകുന്നു.അന്ന് തൊട്ടേ തന്നോടൊപ്പം കൂടിയതാണ്  ആ സ്‌ത്രീ... അതായത് തന്റെ കല്യാണത്തിനും മുൻപേ.. അയാളോർത്തു.. എത്രയോ റൂമുകൾ താൻ മാറിയിരിക്കുന്നു പക്ഷെ ഇവരെ മാത്രം പറഞ്ഞു വിടാൻ തോന്നിയില്ല.അമ്മ മരിച്ചതിനു ശേഷം ഒരമ്മയുടെ സ്നേഹവായ്‌പോടെ അവരവിടുത്തെ എല്ലാ പണിയും ചെയ്തു തീർത്തു ഉച്ചയോടെ മടങ്ങാറാണ് പതിവ്.ഇതിനോടകം തന്റെ കൊച്ചുകുടുംബത്തിലെ ഒരംഗമായി അവർ മാറി കഴിഞ്ഞിരുന്നു.
അയാൾ ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു. ചെറുതായി മഴ ചാറുന്നുണ്ട്.. ഹാ നല്ല അന്തരീക്ഷം അയാൾ മനസ്സിൽ പറഞ്ഞു.
അപ്പോഴാണ് അതിരാവിലെ തന്നെ ആരോ മൊബൈലിൽ വിളിച്ച കാര്യം അയാൾ ഓർത്തത്‌.പുതപ്പിനടിയിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ  തപ്പിയെടുത്തുകൊണ്ടയാൾ വീണ്ടും ബാൽകണിയിലെ ചെറിയ മഴച്ചാറിൽ ചെന്നിരുന്നു.തണുത്ത കാറ്റ് മഴയിൽ നിന്നു അടർത്തിയെടുത്ത മഴയുടെ നനുത്ത കണികകൾ ദേഹത്തെ പുൽകിക്കുമ്പോൾ അയാൾക്ക്‌ എന്തെന്നില്ലാത്ത കുളിർമയാണ്.
മഴയുടെ നേർത്ത വിരലുകൾ തന്നെ സ്പർശിക്കുമ്പോളൊക്കെ അയാളുടെ മനസ്സ്  ചോർന്നൊലിക്കുന്ന തന്റെ പഴയ വീട്ടിലെ ഉമ്മറപ്പടിയിൽ ചെന്നവസാനിക്കും.
"വാസു സർ, മേം മച്ചലി ലേനാ ജാ രാ ഹും"
ലക്ഷ്മി ദീദി അയാളുടെ മറുപടിക്കു കാത്തുനിൽക്കാതെ വാതിൽ അടച്ചു ഇറങ്ങി കഴിഞ്ഞിരുന്നു.ആ കുടുംബത്തിലെ ഇഷ്ടങ്ങളെല്ലാം അവർക്കു മനഃപാഠമാണ്.
അയാൾ മിസ്സ്ഡ് കാൾ ലിസ്റ്റിലേക്ക് നോക്കി.
ആരൊക്കയോ വിളിച്ചിട്ടുണ്ട്.
അവസാനം മൂന്നു പ്രാവിശ്യം അടിപ്പിച്ചു വിളിച്ച നമ്പറിലേക്കു അയാൾ ഡയൽ ചെയ്തു..
മറുവശം കാൾ എടുത്തു
ഹലോ.
അയാൾ ചോദിച്ചു ആരാ
ദേവാ..  ഞാൻ വിപിൻദാസ്  ആടാ.. നിന്റെ പഴയ ദാസ്..
എടാ ദാസാ..നീ എവിടുന്നാടാ..,
എന്റെ നമ്പർ എവിടുന്നു കിട്ടി??
ദേവൻ അമ്പരപ്പ് വിട്ടുമാറാതെ അവനോടു ചോദിച്ചു.ആശ്ച്ചര്യവും ആകാംഷയും ദേവന്റെ ശബ്ദത്തിൽ നിറഞ്ഞു നിന്നു.
വിപിൻ‌ദാസ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
കൂറേ പാടുപെട്ടാണ് നിന്റെ നമ്പർ സംഘടിപ്പിച്ചത്..
അതൊക്ക പിന്നെ പറയാം.
വേറെ എന്തൊക്ക ഉണ്ടെടാ  ദാസാ വിശേഷങ്ങൾ.
ജിജ്ഞാസയടക്കാൻ ദേവന് കഴിഞ്ഞില്ല
ദേവാ..
ഇന്നു പുലർച്ചെ..നമ്മുടെ നീന മരിച്ചു..
സൂയിസൈഡ് ആയിരുന്നു...
ഇന്നലെ സന്ധ്യ ആകുവോളം അവൾ ഞങ്ങളുട കൂടെ ഉണ്ടായിരുന്നു..
ഇന്നലെ നമ്മുടെ ഗെറ്റ്ടുഗെദർ ആയിരുന്നില്ലേ.
ഞാൻ മെയിൽ അയച്ചിരുന്നല്ലോ.
നീ മാത്രമാ വരാത്തത്!!!
നിന്നെക്കുറിച്ചവൾ പല പ്രാവിശ്യം അനേഷിച്ചിരുന്നു.നീ വരുമെന്നുള്ള പ്രതീക്ഷ എന്നേക്കാൾ ഉപരി അവൾക്കായിരുന്നു.
ദേവാ...അവളുടെ കുടുംബ ജീവിതം ഒട്ടും സക്സസ്സ് ആയിരുന്നില്ല..അത്രയും പരിതാപകരമായിരുന്നു അവളുടെ അവസ്ഥ.കഴിഞ്ഞ ആഴ്ച അവൾ ഡിവോഴ്സ് ആയി.നീ ഒന്നു കാണണമായിരുന്നു അവളെ..
അവൾ നമ്മുടെ നീനയാണെന്നു തിരിച്ചറിയാൻ ആ പൂച്ച കണ്ണുകൾ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.മെലിഞ്ഞുണങ്ങിയ അവളുടെ ദേഹത്തെ ജീവൻ നിന്നെ കാണാൻ വേണ്ടി മാത്രമായി ആണോ അവൾ ബാക്കി വെച്ചത് എന്ന് പോലും എനിക്കിപ്പോൾ തോന്നുന്നു ..
വാസു.. നീ വരണമായിരുന്നെടാ...കാരണം നിന്നെ അവസാനമായി ഒന്നു കാണാൻ മാത്രമായിരിക്കണം ഈ അവസ്ഥയിലും അവൾ ആ ഫങ്ങ്ക്ഷന് വന്നത്...
ദാസ് നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു...
അപ്പോൾ താനിന്നലെ രാത്രി കണ്ടതൊക്കെയും!!!
തിരിച്ചൊന്നും പറയുവാനാകാതെ ദേവൻ ഫോൺ കട്ട്‌ ചെയ്തു...
അയാൾ മഴ നനഞ്ഞു കുതിർന്ന ആ ചാരുകസേരയിലേക്ക് തളർന്നിരുന്നുപോയി.
തന്റെ മുഖത്തിൽ പറന്നു വീണ മഴയുടെ നനുത്ത കണികകൾ ഇപ്പോഴായാളെ കുളിരണിയിച്ചില്ല.. കരിഞ്ഞുണങ്ങിയ മെയ്മാസചെടികൾ അയാളുടെ ഉൾകാഴ്ചയിൽ തെളിഞ്ഞു. വാടിപോയൊരു മുല്ലപ്പൂമാലയുടെ ശവംനാറുന്ന ഗന്ധം അയാളുടെ മൂക്കിൽ പതിഞ്ഞു.കഴിഞ്ഞ രാത്രി തന്റെ മാറിൽ ഒരു തൂവൽ പോലെ തളർന്നുറങ്ങിയ നീനയുടെ ഭാരം അപ്പോഴേക്കും അയാളുടെ നെഞ്ചിൽ താങ്ങാവുന്നതിലും അധികം കനമുള്ള ഒരു വിങ്ങലായ് മാറാൻ തുടങ്ങിയിരുന്നു....

                    *******ശുഭം *******
                     രതീഷ് കോച്ചേരി 

No comments:

Post a Comment