Pages

Sunday, May 9, 2021

അമളി

ഒരു അനുഭവ കഥ പറയാം.
ഈയുള്ളവൻ മലപ്പുറത്തെ ഒരു പ്രൈവറ്റ് ഇൻസ്റ്റിട്യൂട്ടിൽ ഇലക്ട്രോണിക്സ്  വാദ്യരായിരിക്കുന്ന സമയം.മൊബൈൽ ഫോൺ അതിന്റെ വരവറിയിച്ചു തുടങ്ങിയിട്ടേ ഉള്ളൂ.ഗൾഫിലേക്ക് പോകാനിരുന്ന കുട്ടികളെ ഉദ്ദേശിച്ചു ആയിടക്ക് മൊബൈൽ ഫോണിന്റെ ഒരു short term കോഴ്സ് ആരംഭിച്ചു.മൊബൈൽ ഫോണിന്റെ ഷോപ്പ് സ്വന്തമായുള്ള സുമേഷ് ആണ് മാഷായി വന്നതു. അതിനാൽ ഈ കുട്ടികൾക്ക് ആദ്യത്തെ മാസം ഇലെക്ട്രോണിക്സിന്റെ ക്ലാസ്സെടുക്കുക എന്റെ ചുമതലയായിരുന്നു.
അന്നത്തെ കാലത്തു അധികമാരുടെയും കൈയിൽ മൊബൈൽ ഫോൺ ഇല്ല, എന്തിനു ഈയുള്ളവൻ മൊബൈൽ ശരിക്കും കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല.കളർ ഫോണുകളോ ക്യാമറ ഫോണുകളോ ഒന്നും ഇല്ലാത്ത കാലമാണ് .ഇതാണ് "സിം കാർഡ് "ഒരുദിവസം ക്ലാസ് റൂമിൽ സുമേഷ് മാഷ് കൊണ്ടുവന്നു കാണിച്ചപ്പോൾ കുട്ടികളെ പോലെ ഞാനും ഒരു അത്ഭുത വസ്‌തുവിനെ പോലെ അതിനെ നോക്കി.കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി ചില ദിവസങ്ങളിൽ സുമേഷ് മാഷ് ഷോപ്പിൽ നിന്നും റിപ്പയറിങ്ങിനു വന്ന മൊബൈൽ കാണിക്കാറുണ്ടായിരുന്നു.ഇതൊക്ക ഞാനെത്ര കണ്ടിരിക്കുന്നു എന്നമട്ടിൽ ഞാനും അങ്ങോട്ടെത്തി നോക്കാറുണ്ടായിരുന്നു.ഒരുദിവസം സുമേഷ് മാഷ് ഇതേപോലെ ഒരു മൊബൈൽ ഫോൺ കൊണ്ടുവന്നു കാണിച്ചതിന് ശേക്ഷം എന്നെ ഏല്പിച്ചിട്ടു പറഞ്ഞു.മാഷേ ഈ ഫോൺ മാഷിന്റെ റൂമിന്റെ അടുത്തുള്ള ഒരാളുടേതാണ്. ഇന്നുരാത്രി അയാൾ മാഷിന്റെ അടുത്ത് വരുമ്പോൾ കൊടുത്താൽ മതി.ഞാൻ തലയാക്കികൊണ്ടു അത് എന്റെ പോക്കറ്റിലാക്കി.അടുത്ത പിരിയഡിനു ശേഷമേ ബ്രേക്കുള്ളു അല്ലെങ്കിൽ ഇതു ശരിക്കൊന്നു നോക്കാമായിരുന്നു.ഞാൻ മനസ്സിലോർത്തുകൊണ്ടു ക്ലാസ് റൂമിലേക്ക്‌ കയറി.മലപ്പുറത്തെ പണച്ചാക്കുകളായ എന്റെ ചില സ്റ്റുഡന്റ്സിന്റെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു.ഇതു മനസ്സിലോർത്തിട്ടോ എന്തോ ഒരു ഗമയ്ക്കു വേണ്ടി ഞാൻ ബുക്സിന്റെ കൂടെ മൊബൈൽ ഫോണും ഡെസ്കിന്റെ മുകളിൽ വച്ചു.ഇതു കണ്ടു ചില കുട്ടികൾ അടക്കം പറയുന്നത് കേട്ടു.. മാഷും "മൊബൈൽ ഫോൺ വാങ്ങിയെടോ".. ഞാനതതൊന്നും ശ്രെദ്ധിക്കാതെ ക്ലാസും തുടങ്ങി.അപ്പോഴാണ് ആ മൊബൈൽ ഫോണിലേക്കു ഒരു കാൾ വന്നത്.മൊബൈൽ വലിയ ശബ്ദത്തിൽ റിംഗ് ചെയ്യാൻ തുടങ്ങി.. ഞാൻ എങ്ങനെയെങ്കിലും അതൊന്നു ഓഫ്‌ ആക്കാൻ ശ്രേമിച്ചു. സത്യത്തിൽ അതെങ്ങനെ ആണ് ഓഫ്‌ ആക്കേണ്ടതെന്നറിയാതെ ഞാൻ വിയർത്തു. "മാഷേ ഫോണെടുക്ക് "കുട്ടികൾ വിളിച്ചു പറയുന്നുണ്ട്...എന്റെ മുഖത്തു എന്തെക്കെയോ ഭാവങ്ങൾ മിന്നിമറഞ്ഞു.ഈ ഭൂമി തുരന്നു അടിയിലേക്ക് പോകാൻ കഴിഞ്ഞെങ്കിലെന്നു പോലും ഞാൻ ആഗ്രഹിച്ചു. അത്രയ്ക്ക് ഞാൻ ചെറുതായി പോയിരുന്നു.ആശ്വാസം എന്റെ വെപ്രാളത്തിനിടയിൽ ഫോൺ ബെല്ലടിക്കുന്നതു നിന്നു.പക്ഷേ ഒന്നു നിശ്വസിക്കുന്നതിനു മുൻപ്‌ തന്നെ വീണ്ടും അത്  ബെല്ലടിച്ചു തുടങ്ങി."മാഷേ ഫോണെടുക്ക്"വീണ്ടും കുട്ടികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ചിപ്പോൾ മാഷിന്റെ ലവ്‌ർ ആയിരിക്കും ചില കുരുത്തം കിട്ട പിള്ളേർ അടക്കം പറയുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവസാനം ഞാൻ ബാത്റൂമിലേക്കോടി.ഓടുന്ന ഓട്ടത്തിൽ വല്ലവിധേനയും മൊബൈൽ ഓഫാക്കാൻ ഞാൻ ശ്രേമിച്ചു കൊണ്ടിരുന്നു.എങ്ങനെയോ ഫോൺ ഓഫായി.. ഇനിയൊരു പരീക്ഷണത്തിന് മുതിരാതെ ഞാൻ അതിന്റെ ബാറ്ററി ഊരി പോക്കറ്റിലാക്കി. സമാധാനത്തോടെ ക്ലാസ്റൂമിലെക്കു നടന്നു.. തിരിച്ചു വരും  വഴിയിൽ എന്റെ ഓട്ടം കണ്ട സഹ അദ്ധ്യാപകരും ചില കുട്ടികളും എന്നെ നോക്കി ഊറിച്ചിരിക്കുന്നുണ്ടായിരുന്നു...ഞാനും ഇളിഭ്യനായി ഒരു വാട്ട ചിരി മുഖത്തു വരുത്താൻ ശ്രെമിക്കുന്നുണ്ടായിരുന്നു... 

No comments:

Post a Comment